കടുത്ത പൊടിക്കാറ്റും മഴയും കാരണം 125-ഓളം പേരാണ് ഇതുവരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മരണപ്പെട്ടത്.
ദില്ലി: അടുത്ത 5 ദിവസങ്ങളിൽ രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും മിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കടുത്ത പൊടിക്കാറ്റും മഴയും കാരണം 125-ഓളം പേരാണ് ഇതുവരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മരണപ്പെട്ടത്. ഇതിന് പിന്നാലെയാണ് പൊടിക്കാറ്റും മഴയും തുടരും എന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷകേന്ദ്രം പുറപ്പെടുവിച്ചത്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
അതേസമയം കേരളത്തിൽ ഇന്നും നാളേയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണവിഭാഗം ഡയറക്ടർ ഡോ.പി.സതീദേവി അറിയിച്ചു. ശക്തമായ പൊടിക്കാറ്റിനൊപ്പം ഇടിമിന്നലും മഴയും രൂപപ്പെട്ടതാണ് ഉത്തരേന്ത്യയിൽ ഗുരുതര സാഹചര്യമുണ്ടായതിന് കാരണമെന്നും അവർ വ്യക്തമാക്കി.
