തിരുവനന്തപുരം: വീട്ടിലെ നെടുംതൂണായിട്ടുള്ളവര്‍ അപകടത്തില്‍ പെട്ട് ഒരു വിവരവും ഇല്ലാതിരിക്കുമ്പോള്‍ വികാരം കൊള്ളാത്തവരാണോ കേരളത്തിലുള്ളത്. പ്രതികരിക്കാന്‍ അറിയാവുന്നവരാണ് മത്സ്യത്തൊഴിലാളി സമൂഹത്തിലെ സ്ത്രീകളെന്നും തീരദേശ മഹിളാ വേദി നേതാവ് മാഗ് ലിൻ. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് മാഗ്‍ലിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നേതാക്കള്‍ പതറിയത്.
ഓഖി ചുഴലിക്കാറ്റില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ വികാരങ്ങള്‍ക്ക് അടിപ്പെട്ട് പോകുന്നുവെന്ന് മുഖ്യമന്ത്രിയ്ക്ക് നേരെയുണ്ടായ പ്രതിഷേധം മുന്‍ നിര്‍ത്തി ആരോപണമുയര്‍ത്തുന്നവരോട് കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി തീരദേശ മഹിളാ വേദി നേതാവ് മാഗ് ലിൻ. ഓഖി ചുഴലിക്കാറ്റിനെ മുന്‍കൂട്ടി കാണാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിട്ടും കൃത്യമായ മുന്നറിയിപ്പ് നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു.
ഒരു വീട്ടിലെ പതിനെട്ട് പേര്‍ കടലില്‍ പോയി ഒരു വിവരവും ഇല്ലാതിരിക്കുമ്പോള്‍ ഒരു തുള്ളി കണ്ണീര്‍ പോലും പൊഴിക്കാതെ സമചിത്തതയോടെ നേരിടണമെന്ന് പറയുന്നവര്‍ വികാരങ്ങള്‍ ഇല്ലാത്തവര്‍ ആണെന്നേ പറയാന്‍ പറ്റൂ. പ്രതികരിക്കാനും പ്രതിഷേധിക്കാനും അറിയുന്ന ഒരു സമൂഹമാണ് മല്‍സ്യത്തൊഴിലാളികള്‍. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ട മുന്നറിയിപ്പ് കൃത്യസമയത്ത് നല്‍കാന്‍ വൈകിയത് ദുരന്തത്തിന്റെ വ്യാപ്തി ഇത്ര വര്‍ദ്ധിക്കാന്‍ കാരണമായതെന്നും തീരദേശ മഹിളാ വേദി നേതാവ് മാഗ്‍ലിന്‍ ആരോപിച്ചു.
