അപകടം ഉണ്ടായ ശേഷം അൽപ്പനേരം നിർ‍ത്തിയിട്ട കപ്പൽ പിന്നീട് വേഗത്തിൽ ഓടിച്ച് പോയെന്ന് രക്ഷപ്പെട്ട എഡ്വിൻ

കൊച്ചി: അപകടസമയത്ത് ബോട്ടിൽ എല്ലാവരും ഉറങ്ങുകയായിരുന്നുവെന്ന് ബോട്ട് ഓടിച്ച എഡ്വിൻ. ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റപ്പോഴേക്കും ബോട്ട് രണ്ടായി പിളര്‍ന്ന് കടലിലേക്ക് താണു. അപകടം ഉണ്ടായ ശേഷം അൽപ്പനേരം നിർ‍ത്തിയിട്ട കപ്പൽ പിന്നീട് വേഗത്തിൽ ഓടിച്ച് പോയെന്നും രക്ഷപ്പെട്ട എഡ്വിൻ പറ‌ഞ്ഞു.

മുനമ്പം എസ്ഐ അസീസ് എഡ്വിന്റെ മൊഴി രേഖപ്പെടുത്തി. 4 മണിക്കൂര്‍ കടലില്‍ കിടന്ന ശേഷമാണ് രക്ഷപ്പെടുത്തിയതെന്നും എഡ്വിന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഓഷ്യാനസ് എന്ന ബോട്ടാണ് ഇന്ന് പുലര്‍ച്ചെയോടെ 24 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് അപകടത്തില്‍പ്പെട്ടത്. കപ്പല്‍ ചാലില്‍ ആണ് അപകടമുണ്ടായതെന്നും ഇന്ത്യന്‍ കപ്പലാണ് അപകടത്തില്‍പ്പെട്ടതെന്നും നാവിക സേനയും കോസ്റ്റ് ഗാര്‍ഡും വ്യക്തമാക്കി. 

എം വി ദേശ ശക്തി എന്ന കപ്പലാണ് ഇടിച്ചത്. കപ്പല്‍ ചെന്നൈയില്‍നിന്ന് ഇറാഖിലെ ദസ്റയിലേക്ക് പോകുകയായിരുന്നു. കപ്പലിന്‍റെ സ്ഥാനം, അപകടമുണ്ടാക്കിയ സ്ഥലം എന്നിവ അപഗ്രഥിച്ചാണ് അപകടമുണ്ടാക്കിയത് ദേശ ശക്തിയാണെന്ന് നാവിക സേനയും കോസ്റ്റ് ഗാര്‍ഡും കണ്ടെത്തിയത്. നിലവില്‍ കൊച്ചിയില്‍നിന്ന് 200 മൈല്‍ അകലെയാണ് കപ്പല്‍.