ബാര്‍ കോഴക്കേസില്‍ രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍ പോലും യു.ഡി.എഫ് വിടാന്‍ കെ.എം മാണി ആലോചിച്ചില്ല. പക്ഷേ തെരഞ്ഞെടുപ്പ് തോല്‍വിയും അതിനു പിന്നാലെ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും ബിജു രമേശിന്റെ മകളും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതിനെച്ചൊല്ലിയുള്ള വിവാദവും വന്നപ്പോള്‍ കടുത്ത നിലപാടിന് മാണി കളമൊരുക്കി തുടങ്ങി . പാര്‍ട്ടി മുഖപത്രമായ 'പ്രതിച്ഛായ'യിലിയൂടെയും യുവനേതാക്കളെ രംഗത്തിറക്കിയും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. എന്നിട്ടും പി.ജെ ജോസഫ് ഇടഞ്ഞതോടെ ഗൂഢാലോചന റിപ്പോര്‍ട്ട് അലമാരയില്‍ വയ്‌ക്കേണ്ടി വന്നു.
പക്ഷേ പിന്നീട് ജോസഫിനെ തന്റെ വഴിക്ക് കൊണ്ടു വരാന്‍ മാണിക്ക് കഴിഞ്ഞു. തനിക്കുണ്ടായ വേദനയും അപമാനവും പാര്‍ട്ടിക്കൊന്നാകെ ഉള്ളതാണെന്ന വികാരമുണ്ടാക്കാന്‍ മാണിക്കായി. എം.എല്‍.എമാരുടെ യോഗത്തില്‍ തന്നെ സ്വതന്ത്ര നിലപാടിന് അംഗീകാരം കിട്ടി. യു.ഡി.എഫ് ബന്ധം പൂര്‍ണമായും വിടരുതെന്ന വാദക്കാരെ തൃപ്തിപ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് ബന്ധം വേര്‍പെടുത്തിയതുമില്ല.
ചുരുക്കത്തില്‍ ചരല്‍ക്കുന്നിലെ ക്യാമ്പില്‍ നിലപാട് പരസ്യപ്പെടുത്തിയ മാണി, യോഗത്തിലെ ചര്‍ച്ചകളെല്ലാം തന്റെ വഴിയിലാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ കാലുവാരിയെന്ന വികാരം കുത്തിവച്ച് കോണ്‍ഗ്രസിനെതിരായ രോഷം ആളിക്കത്തിച്ചു. തുടര്‍ന്ന് യു.ഡി.എഫ് വിടാമെന്നത് പൊതു ആവശ്യമാക്കി മാറ്റി. എല്ലാവരും ആവശ്യപ്പെട്ടതു കൊണ്ടാണ് തീരുമാനമെന്ന് അണികളെ അറിയിച്ചു. താഴേ തട്ടുവരെ തീരുമാനം അറിയിക്കാനുള്ള ക്രമീകരണവും ഉണ്ടാക്കി. ഒരു വര്‍ഷത്തിനകം യു.ഡി.എഫിലേയ്‌ക്ക് തന്നെ മടങ്ങിവരാമെന്ന പ്രതീക്ഷ ആശങ്കപ്പെട്ടു നില്‍ക്കുന്ന എംഎല്‍എമാര്‍ക്ക് മാണി നല്‍കുന്നുണ്ട്. ഒപ്പം എന്‍.ഡി.എ സഖ്യം ഒരു കാരണവശാലുമുണ്ടാകില്ലെന്ന ഉറപ്പും.
