ന്യൂഡല്‍ഹി: ഡോക് ലോമില്‍ സൈന്യത്തെ നിലനിര്‍ത്തിയ ഇന്ത്യന്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് ചൈന. ഡോക് ലോമില്‍ 50 ദിവസമായി തുടരുന്ന സൈനിക സാന്നിധ്യം അംഗീകരിക്കാനാകില്ലെന്നും ചൈനീസ് ഡെപ്യൂട്ടി ജനറല്‍ ഒഫ് ബൗണ്ടറി ആന്റ് ഓഷ്യന്‍ അഫയേര്‍സ് വാങ് വെന്‍ലി പറഞ്ഞു. ഒരു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ മറുപടിയായാണ് വാങ് വെന്‍ലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇരുരാജ്യങ്ങളും ഒരുമിച്ച് സൈനികരെ പിന്‍വലിക്കാമെന്ന ഇന്ത്യയുടെ നിലപാട് അംഗീകരിക്കാനാകില്ല. മൂന്ന് രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമാണെന്നതു കൊണ്ട് പ്രദേശത്ത് സൈന്യത്തെ വിന്യസിക്കാനുനുള്ള അവകാശമായി അതിനെ കാണരുത്. ഇന്ത്യയ്‌ക്ക് ഇത്തരം പ്രദേശങ്ങള്‍ വേറെയുമുണ്ട്. ഇതേ കാരണം കാണിച്ച് ഇന്ത്യയും ചൈനയും നേപ്പാളും അതിര്‍ത്തി പങ്കിടുന്ന കാലാപ്പാനി മേഖലയിലോ കശ്‌മീരിലോ ചൈനീസ് സൈന്യം കയറിയാല്‍ ഇന്ത്യ എന്തു ചെയ്യുമെന്നും വാങ് ചോദിച്ചു.
ഡോക്‌ലോമില്‍ 50 ദിവസമായി ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശത്ത് റോഡ് നിര്‍മിക്കാനുള്ള നീക്കവും സൈന്യം തടഞ്ഞിരുന്നു. ഡോക് ലോമില്‍ നിന്ന് ഒരേ സമയം ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറാണെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍ ഇതിന് തയ്യാറല്ലെന്നും ഇന്ത്യ നിരുപാധികം സൈന്യത്തെ പിന്‍വിലിക്കണം എന്നുമുള്ള നിലപാടിലാണ് ചൈന.
ഇന്ത്യയുടെ നടപടി തുടരുകയാണെങ്കില്‍ അന്താരാഷ്ട്ര നിയമപ്രകാരമുള്ള ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും വാങ് വെലി പറഞ്ഞു. ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറാണോ എന്ന ചോദ്യത്തിന്, ഇന്ത്യ അത്തരമൊരു തീരുമാനത്തിലേക്ക് പോവുകയാണെങ്കില്‍ ഏതു തരത്തിലുള്ള വെല്ലുവിളിയും നേരിടാന്‍ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയും ഗവണ്‍മെന്‍റും സജ്ജമാണെന്നായിരുന്നു മറുപടി. നിലവിലെ സ്ഥിതി തുടരാനും ഇരുരാജ്യങ്ങളും സൈന്യം പിന്‍വലിക്കാനും ചൈന ഒരിക്കലും സന്നദ്ധമല്ലെന്നും എല്ലാം നിയന്ത്രണവിധേയമാണെന്ന തരത്തിലുള്ള ഇന്ത്യയുടെ പ്രചാരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു..
