90 കളില്‍ ടെലിവിഷനില്‍ നിറഞ്ഞ് നിന്നിരുന്ന പരസ്യങ്ങളിലൊന്നായിരുന്നു റോട്ടോമാക് പേനയുടേത്. സല്‍മാന്‍ ഖാനും റവീണ ടാന്‍റണും അഭിനയിച്ച റോട്ടോമാക് പേനയുടെ പരസ്യങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ലിഖ്തെ ലിഖ്തെ ലൗ ഹോ ജായെ എന്ന ജിംഗിള്‍സ് രാജ്യമൊന്നാകെ ഏറ്റെടുത്തത് വളരെ പെട്ടന്നാണ്. 

ഈ പരസ്യങ്ങളിലെ റോട്ടോമാന്‍ പേനയ്ക്ക് പിന്നില്‍ ഇന്ന് ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത വിക്രം കോത്താരിയെന്ന ബിസിനസ്സുകാരനാണ്. റോട്ടോമാക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ചെയര്‍മാനാണ് കോത്താരി. കഴിഞ്ഞ 45 വര്‍ഷമായി കോത്താരി ഇന്ത്യന്‍ ബിസിനസ് രംഗത്ത് സജീവ സാന്നിദ്ധ്യമാണ്. പിതാവ് എം എം കോത്താരിയുടെ മരണത്തോടെയാണ് മക്കളായ വിക്രം കോത്താരിയും ദീപക് കോത്താരിയും ബിസിനസ് ഏറ്റെടുക്കുന്നത്. 

റോട്ടോമാക് കമ്പനിയ്ക്കും മുമ്പ് 1973ല്‍ പാന്‍പരാഗ് ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചതും വിക്രം കോത്താരിയാണ്. നിര്‍മ്മ, മാഗി ന്യൂഡില്‍സ്, ബോംബെ ഡൈയിംഗ് തുടങ്ങിയ പരസ്യങ്ങള്‍ക്കുമപ്പുറം 1983 മുതല്‍ 1987 വരെയുള്ള അഞ്ച് വര്‍ഷം ടെലിവിഷനില്‍ ഏറ്റവും ശ്രദ്ധനേടിയ പരസ്യം കോത്താരിയുടെ പാന്‍പരാഗിന്‍റേതായിരുന്നു.

കംപ്യൂട്ടറും ലാപ്ടോപ്പുമെന്നുമില്ലാത്ത ആ കാലത്ത് വിക്രം ആരംഭിച്ചത് സ്റ്റേഷനറി സാധനങ്ങളുടെയും പേന, ഗ്രീറ്റിംഗ് കാര്‍ഡ് തുടങ്ങിയവയുടെയും ബിസിനസ് ആണ്. അങ്ങനെ ആരംഭിച്ച റോട്ടോമാക് പേന വമ്പന്‍ ഹിറ്റായി. റെയ്നോള്‍ഡ്സ് പേനയുമായി മത്സരിക്കാനുളള തലത്തിലേക്ക് റോട്ടോമാക് പെന്‍ ബിസിനസ് വളര്‍ന്നു. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, റവീണ ടാന്‍റണ്‍ തുടങ്ങിയവര്‍ കോത്താരിയുടെ റോട്ടോമാക് പേനയുടെ പരസ്യത്തില്‍ സ്ഥിരം സാന്നിദ്ധ്യങ്ങളായി. 

വാണിജ്യ വകുപ്പിനൊപ്പം ചേര്‍ന്ന് ഫിയോ (എഫ്ഐഇഒ) ഒരുക്കിയ എക്സ്പോര്‍ട്ടര്‍ അവാര്‍ഡ് നല്‍കി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി കോത്താരിയെ ആധരിച്ചു. പിന്നീട് റോട്ടാമാക് എക്സ്പോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, കോത്താരി ഫുഡ്സ് ആന്‍റ് ഫ്രാഗ്രന്‍സ്, മോഹന്‍ സ്റ്റീല്‍സ് ലിമിറ്റഡ്, ക്രൗണ്‍ അല്‍ബ റൈറ്റിംഗ് ഇന്‍സ്ട്രുമെന്‍റ്സ് ആന്‍റ് റേവ് എന്‍റര്‍ടെയിന്‍മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്, ലക്നൗവിലും കാണ്‍പൂരിലും അഹമ്മദാബാദിലും ഡെറാഡൂണിലുമുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍, ഇങ്ങനെ നീണ്ടു വിക്രം കോത്താരിയുടെ സാമ്രാജ്യം. 

എന്നാല്‍ ഇത് അതികം നാള്‍ നീണ്ടുനിന്നില്ല, വായ്പകളുടെ ഭാരത്തില്‍ കോത്താരിയുടെ ബിസിനസ്സുകള്‍ ആടി ഉലഞ്ഞു. 600 കോടി രൂപയുടെ ചെക്ക് കേസ് കോത്താരിക്കെതിരെ നിലവിലുണ്ട്. ലോണ്‍ തിരിച്ചടയ്ക്കാത്തതിന്‍റെ പേരില്‍ കോത്താരിയുടെ മൂന്ന് വസതികള്‍ അലഹബാദ് ബാങ്ക് ലേലത്തിന് വച്ചിരിക്കുകയാണ്. എന്നാല്‍ കാണ്‍പൂരിലെ കോത്താരിയുടെ സാമ്രാജ്യം ഏറ്റെടുക്കാന്‍ ആര്‍ക്കും ദൈര്യമുണ്ടായിരുന്നില്ല. ഇന്ന് വിജയ് മല്യയുടെയും നീരവ് മോയുടെയും ലളിത് മോദിയുടെയും വഴിയില്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയാണ് കോത്താരി. 

അഞ്ച് ബാങ്കുകളില്‍ നിന്നായി 800 കോടി രൂപയാണ് കോത്താരി വായ്പയെടുത്തിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് മുങ്ങിയിട്ടില്ലെന്ന് വിക്രം കോത്താരി കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ അറിയിച്ചിരുന്നുവെങ്കിലും മല്യയെയും നീരവ്, ലളിത് മോദിമാരെപ്പോലെയും വിദേശത്തേക്ക് കടന്നേക്കുമെന്ന സംശയത്താല്‍ സിബിഐ കോത്താരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം വിക്രം കോത്താരിയുടെ കാൺപൂരിലെ വീട് സിബിഐ റൊയ്ഡ് ചെയ്തു. യൂണിയൻ ബാങ്കിൽ നിന്ന് 485 കോടി രൂപയും അലഹബാദ് ബാങ്കിൽ നിന്ന് 352 കോടിയും വായ്പ എടുത്ത ശേഷം കോത്താരി ഒരു രൂപ പോലും തിരിച്ചടച്ചില്ലെന്നാണ് കേസ്.