ബിജെപി സംസ്ഥാന അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കില്ല ആദർശവാദികളായ കോണ്‍ഗ്രസുകാരെ സ്വാഗതം ചെയ്ത് ബിജെപി
കൊച്ചി: ബിജെപി സംസ്ഥാന അദ്ധ്യക്ഷന് ആരെന്ന പ്രഖ്യാപനം ഇന്നുണ്ടാകില്ല. പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നത് കേന്ദ്ര നേതൃത്വമെന്ന് ബിജെപി ജനറൽ സെക്രട്ടറി എച്ച്. രാജ വിശദമാക്കി. സംസ്ഥാന അദ്ധ്യക്ഷനെ തീരുമാനിക്കുന്നതിൽ സംസ്ഥാന നേതാക്കളുടെ അഭിപ്രായം പ്രധാന ഘടകമായിരിക്കുമെങ്കിലും അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതാണ് എച്ച് രാജ വ്യക്തമാക്കി.
കേരളത്തിലെ നേതാക്കളുമായുള്ള കൂടി ആലോചനയ്ക്കായാണ് താൻ എത്തിയതെന്നും രാജ പറഞ്ഞു. കോൺഗ്രസിലെ ആദർശവാദികളായ നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി ബിജെപി വാതിൽ തുറന്നിട്ടിരിക്കുന്നുവെന്ന് ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. കോൺഗ്രസ് ശിഥിലമായിയെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്ത്തു.
ആത്മാഭിമാനമുള്ള കോൺഗ്രസ്സുകാർ അവിടെ തുടരണമോയെന്ന് ആലോചിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസ് പാർട്ടി മത വർഗീയ ശക്തികൾക്ക് കീഴടങ്ങിയെന്നും മുസ്ലീം ലീഗ് കേരള കോൺഗ്രസ് പാർട്ടികൾ കോൺഗ്രസിനെ അവരുടെ താല്പര്യത്തിന് ഉപയോഗിക്കുന്ന സാഹചര്യമാണ് നിലവില് ഉള്ളതെന്നും കെ സുരേന്ദ്രന് പറഞ്ഞു.
