ദില്ലി: റിസര്‍വ്വ് ബാങ്ക് തലപ്പത്ത് ഒരു തവണ കൂടി ഇല്ല എന്ന് വ്യക്തമാക്കി രഘുറാം രാജന്റെ കത്ത് പുറത്ത് വന്നതോടെ വിഷയം കേന്ദ്ര സര്‍ക്കാരിനെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. റിസര്‍വ്വ് ബാങ്കിന്റെ കീഴ്വഴക്കങ്ങള്‍ തെറ്റിച്ചു കൊണ്ടുള്ള രഘുറാം രാജന്റെ കത്ത് രാഷ്‌ട്രീയ സാമ്പത്തിക മേഖലകളില്‍ സജീവ ചര്‍ച്ചാ വിഷയം ആയിക്കഴിഞ്ഞു. ബിജെപി നേതാക്കളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആരോപണങ്ങളും പരിഹാസങ്ങളും കാരണമാണ് അമേരിക്കയിലേക്ക് മടങ്ങാനുള്ള തീരുമാനം രാജന്‍ കൈകൊണ്ടതെന്നാണ് കോണ്‍ഗ്രസ്സിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ആരോപണം.
രഘുറാം രാജന്റെ കത്ത് പുറത്ത് വന്നയുടന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തീരുമാനം അംഗീകരിക്കുന്നു എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. അതേസമയം, പ്രധാനമന്ത്രി വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തുരാനില്ല എന്ന നിലപാട് രാജന്‍ വ്യക്തമാക്കിയതോടെ ഗവര്‍ണ്ണര്‍ക്ക് കീഴില്‍ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥനായി ആരെയെങ്കിലും നിയമിക്കുമോ എന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ഉറ്റുനോക്കുന്നത്. മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഡി സുബ്ബറാവുവിന്റെ കാലാവധി അവസാനിക്കാന്‍ ഒരു മാസം ശേഷിക്കെ രഘുറാം രാജനെ ഒഎസ്ഡിയായി നിയമിച്ചിരുന്നു.
റിസര്‍വ്വ് ബാങ്കിന്റെ അടുത്ത ഗവര്‍ണ്ണര്‍ ആര് എന്ന ചര്‍ച്ചകളും ഇതോടൊപ്പം സജീവമായിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടറി അദ്ധ്യക്ഷനായ സെര്‍ച്ച് കമ്മിറ്റിയാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ സ്ഥാനത്തെക്ക് പരിഗണിക്കാന്‍ അര്‍ഹരായവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യുന്നത്.എസ്ബിഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ, ലോക ബാങ്കിലെ ധനകാര്യ വിദഗദ്ധന്‍ കൗശിക് ബാസു, മുന്‍ ധനകാര്യ സെക്രട്ടറി വിജയ് കേല്‍ക്കര്‍,ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍ അടക്കം ഏഴ് ധനകാര്യ വിദഗദ്ധര്‍ പട്ടികയിലുള്ളതായാണ് സൂചന.
