ദുബായ് : ഭര്‍ത്താവ് വ്യക്തിശുചിത്വം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ വിവാഹമോചനത്തിനായി കോടതിയില്‍. ദുബായ് അല്‍ ഐന്‍ സ്വദേശിനിയാണ് ബന്ധം വേര്‍പെടുത്താന്‍ കോടതിയെ സമീപിച്ചത്.
ഭര്‍ത്താവിന് തീരെ വൃത്തിയില്ലെന്നും വീട് വിടുമ്പോള്‍ ഒരുങ്ങാറില്ലെന്നും മോശമായി പെരുമാറുന്നുവെന്നും എല്ലാറ്റിനും തന്നെ ആശ്രയിക്കുന്നുവെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തന്നെക്കുറിച്ച് ഒരാള്‍ അപവാദ പ്രചരണം നടത്തി ഭാര്യയില്‍ നിന്ന് അകറ്റുകയാണെന്ന് ഭര്‍ത്താവ് ആരോപിച്ചു.
തനിക്കെതിരെയുള്ള പരാതിയില്‍ കഴമ്പില്ലെന്നും വേര്‍പിരിയാന്‍ അനാവശ്യ കാരണങ്ങള്‍ കണ്ടെത്തുകയാണെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സ്‌നേഹത്തോടെ കഴിയുന്നതിനിടെ മറ്റൊരാളുടെ രംഗപ്രവേശമാണ് കാര്യങ്ങള്‍ തകിടം മറിച്ചതെന്നും ഇയാള്‍ ആരോപിച്ചു.
അതേസമയം യുഎഇയില്‍ വിവാഹമോചന നിരക്ക് ഏറിവരികയാണ്. ബന്ധം വേര്‍പെടുത്തി പുതിയ വിവാഹത്തിനായി ആളുകള്‍ ശ്രമിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
