ഭാര്യയെയും കാമുകന്‍ ദിലീപിനെയും സംശയാസ്പദമായ രീതിയില്‍ കണ്ട ജഗദീഷ് ഇരുവരുമായി വഴക്കിടുകയായിരുന്നു

സംഭാല്‍: ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് സമാജ് വാദി പാര്‍ട്ടി നേതാവിന് ദാരുണാന്ത്യം. ജഗദീഷ് മാലി എന്ന മുപ്പത്തഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. ചന്ദൗസി തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇരിക്കെയാണ് സംഭവം. വെള്ളിയാഴ്ച്ചയായിരുന്നു കൊലപാതകം നടന്നത്.

ഭാര്യയെയും കാമുകന്‍ ദിലീപിനെയും സംശയാസ്പദമായ രീതിയില്‍ കണ്ട ജഗദീഷ് ഇരുവരുമായി വഴക്കിടുകയായിരുന്നു. തുടര്‍ന്ന് വക്കേറ്റം കയ്യാങ്കളിയില്‍ എത്തിയപ്പോള്‍ ദിലീപ് തന്റെ പക്കല്‍ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് ജഗദീഷിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.

സംഭവ സ്ഥലത്ത് വെച്ചു തന്നെ ഇയാൾ മരിക്കുകയും ചെയ്തു. തുടർന്ന് ദിലീപ് ഒളിവിൽ പോയി. ജഗദീഷ് മാലിയുടെ സഹോദരന്‍ പൊലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യക്കെതിരെയും കാമുകനെതിരെയും കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് ഭാര്യയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒളിവില്‍ പോയ ദീലീപിനെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതപ്പെടുത്തിയതായും ഇയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും പൊലീസ് സൂപ്രണ്ട് യമുന പ്രസാദ് അറിയിച്ചു.