വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്കേറ്റു. പുല്‍പള്ളി വെളുകൊല്ലി സ്വദേശി വിഷ്ണു (48) വിനാണ് പരിക്കേറ്റത്. വൈകുന്നേരം നാലുമണിയോടെ സംഭവം. സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന മക്കളെ കൊണ്ടുവരാന്‍ വീട്ടില്‍ നിന്നും വനപാതയിലൂടെ നടക്കവെ കാട്ടാന ആക്രമിക്കുകയായിരുന്നു. വിഷ്ണുവിനെ മാനന്തവാടി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനത്താല്‍ ചുറ്റപ്പെട്ട പ്രദേശത്ത് വെച്ചാണ് വിഷ്ണുവിനെ ആന പിടികൂടാന്‍ ശ്രമിച്ചത്. വെളുകൊല്ലി, പാക്കം ചേകാടി ഭാഗങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.