കന്യാകുമാരി: ജിഷ്ണുവിന്റെ അമ്മ മഹിജയെ നേരിട്ട പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമൊത്തുള്ള പരിപാടി ബഹിഷ്‌കരിച്ച് കൂടംകുളം സമരനായകന്‍ എസ്പി ഉദയകുമാര്‍. പൊലീസ് ആസ്ഥാനത്ത് നടന്ന ക്രൂരമായ നടപടിയിലും ജിഷ്ണുവിന്റെ മരണത്തിലും അന്വേഷണത്തിലും തുടര്‍ നടപടികളിലും സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിലും പ്രതിഷേധിച്ച് തിരുവല്ലയിലെ എംജെ ജോസഫ് 85മത് ജന്മവാര്‍ഷികം പരിപാടിയില്‍ കേരള മുഖ്യമന്ത്രിക്ക് ഒപ്പം വേദിപങ്കിടില്ലെന്ന് അറിയിച്ചാണ് ഉദയകുമാറിന്റെ പിന്മാറ്റം.
കേരള പൊലീസിനേയും മുഖ്യമന്ത്രിയേയും ഓര്‍ത്ത് ലജ്ജിക്കുന്നു എന്ന തലക്കെട്ടോടെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ആണവകേന്ദ്രത്തിനെതിരെ ജനകീയ സമരം നടത്തിയ ഉദയകുമാര്‍ തന്റെ രോഷം പങ്കുവെച്ചത്. തിരുവല്ലയില്‍ ശനിയാഴ്ച നാല് മണിക്ക് നടക്കാനിരുന്ന ഡൈനാമിക് ആക്ഷന്‍ മാഗസീന്റെ 50ാം വാര്‍ഷികത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും സംഘാടകരോട് മാപ്പ് പറയുന്നെന്നും ഉദയകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പരിപാടിയിലൂടെ ഇറോം ശര്‍മ്മിളയെ നേരിട്ട് കാണുന്നതിനുള്ള അവസരമുണ്ടാകുമെന്നതില്‍ വലിയ സന്തോഷമുണ്ടായിരുന്നെങ്കിലും കേരള മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കാന്‍ പരിപാടി ബഹിഷ്‌കരിക്കുകയാണ്.
