സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിൽ ശബരിമലയിൽ ഈ വർഷം മുതൽ കൂടുതലായി എത്തുന്ന സ്ത്രീ തീർത്ഥാടകർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്ത്രീ പ്രവേശനത്തിന് വേണ്ട സൗകര്യമൊരുക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. തുലാമാസ പൂജക്ക് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ ശബരിമല സന്ദർശിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിളിച്ചുകൂട്ടിയ ഉന്നതതല യോഗതീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിൽ ശബരിമലയിൽ ഈ വർഷം മുതൽ കൂടുതലായി എത്തുന്ന സ്ത്രീ തീർത്ഥാടകർക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്ത്രീ പ്രവേശനത്തിന് വേണ്ട സൗകര്യമൊരുക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. തുലാമാസ പൂജക്ക് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ ശബരിമല സന്ദർശിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിളിച്ചുകൂട്ടിയ ഉന്നതതല യോഗതീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ സ്ത്രീകൾക്കായി പ്രത്യേകം ശുചിമുറികൾ ഉണ്ടാക്കും. സ്ത്രീകൾക്കായി നിർമ്മിക്കുന്ന ശുചിമുറികൾക്ക് പ്രത്യേകം നിറം നൽകും. നിലവിൽ പമ്പയിൽ സ്ത്രീകൾ ഉപയോഗിക്കുന്ന കടവിൽ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കും. സന്നിധാനത്തേക്കുള്ള വഴിയിൽ ഇപ്പോൾ തന്നെ പകൽപോലെ വെളിച്ചമുണ്ട്. എവിടെയെങ്കിലും വെളിച്ചക്കുറവുണ്ടെങ്കിൽ അത് പരിശോധിച്ച് വേണ്ടത്ര വെളിച്ചമുണ്ടാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
നിലക്കൽ പമ്പ റൂട്ടിലെ കെഎസ്ആർടിസി ബസുകളിൽ ഇരുപത് ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. സ്ത്രീകൾ ഇല്ലെങ്കിൽ മാത്രമേ ഈ സീറ്റുകളിൽ പുരുഷൻമാർക്ക് ഇരിക്കാനാകൂ. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പമ്പയിലും സന്നിധാനത്തും കൂടുതൽ വനിതാ പൊലീസിനെ നിയോഗിക്കും. പതിനെട്ടാം പടിയിൽ വനിതാ പൊലീസിനെ നിയോഗിക്കാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. സ്ത്രീകൾക്കായി പ്രത്യേക ക്യൂ ഒരുക്കാനാകില്ല. കുടുംബത്തോടൊപ്പമാകും കൂടുതൽ സ്ത്രീകളും ശബരിമലയിലേക്കെത്തുക. അതുകൊണ്ട് അവർക്കായി പ്രത്യേക ക്യൂ പ്രായോഗികമല്ല. ചിലപ്പോൾ പത്തും പന്ത്രണ്ടും മണിക്കൂറൊക്കെ ക്യൂ നിൽക്കേണ്ടിവരും. പല അമ്പലങ്ങളിലും സ്ത്രീകൾ മണിക്കൂറുകൾ ക്യൂവിൽ നിൽക്കുന്നുണ്ട്. അതിന് തയ്യാറുള്ളവർ മാത്രം ശബരിമലയിലേക്ക് വന്നാൽ മതി. ഡിജിറ്റൽ ബുക്കിംഗ് സൗകര്യം സ്ത്രീകൾക്കായും ഏർപ്പെടുത്തും.
പമ്പയും സന്നിധാനവും സ്ത്രീസൗഹൃദമാക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ കൂടുതൽ വനഭൂമി വിട്ടുതരണം എന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെടും. തിരക്ക് ഒഴിവാക്കാൻ സന്നിധാനത്തെ താമസം ഒഴിവാക്കാൻ തീർത്ഥാടകരോട് ആവശ്യപ്പെടും. ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച വിധിക്കെതിരെ പുനപരിശോധനാ ഹർജി നൽകാൻ ദേവസ്വം ബോർഡിന് സ്വാതന്ത്രമുണ്ടെന്നും അദ്ദഹം പറഞ്ഞു. സിപിഎം നിലപാട് നടപ്പാക്കാനല്ല ദേവസ്വം ബോർഡ്. എന്നാൽ ശബരിമലയിലേക്കെത്തുന്ന സ്ത്രീകൾക്കായുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് ദേവസ്വം മന്ത്രി പറഞ്ഞു.
