കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ്  ഫ്രാങ്കോ മുളയ്ക്കലിന് ഇന്നുതന്നെ നോട്ടീസ് അയക്കാൻ തീരുമാനിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ  ഡിവൈഎസ്പി കെ സുഭാഷ്. ഒരാഴ്ചക്കകം ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക. അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇന്നുതന്നെ നോട്ടീസ് അയക്കാൻ തീരുമാനിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ സുഭാഷ്. ഒരാഴ്ചക്കകം ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക. അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസിന്റെ തുടർനടപടികൾ ചർച്ച ചെയ്യാനുള്ള നിർണായക യോഗം കൊച്ചിയിൽ തുടരുകയാണ്. കേസന്വേഷണം അവസാന ഘട്ടത്തിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കുന്ന സൂചന. എന്നാല്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കലായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ച. അതേസമയം നാളെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് എസ്പി പറഞ്ഞു. പൊലീസിന്‍റെ നിലപാട് കോടതിയില്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വെകുംതോറും പ്രതിഷേധം ശക്തമാകുകയാണ്. കൊച്ചിക്ക് പുറമെ സെക്രട്ടറിയേറ്റിനു മുന്നിലും സമരം തുടങ്ങുകയാണ് സന്ന്യാസി സമൂഹ സംരക്ഷണ വേദി.

അതേസമയം ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന വാദവുമായി ജലന്ധർ രൂപത രംഗത്തെത്തി. സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുളള ഗൂഢാലോചനയാണ്. ആരോപണം തെളിയുന്നത് വരെ മാധ്യമവിചാരണയില്‍ മിതത്വം വേണം. കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമെന്നും ജലന്ധര്‍ രൂപത പ്രസ്താവനയില്‍ പറഞ്ഞു. 

നാല് പേജുളള പ്രസ്തവനയാണ് പുറത്തിറക്കിയിരിക്കുന്നത്. ആദ്യം പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട് മഠത്തിലല്ല താമസിച്ചത് എന്ന് പ്രസ്താവനയില്‍ പറയുന്നു. തൊട്ടടുത്ത ദിവസം കന്യാസ്ത്രീയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ബിഷപ്പ് പങ്കെടുത്തു. കന്യാസ്ത്രീ വളരെ സന്തോഷത്തോടെ ബിഷപ്പിനെ സ്വീകരിച്ചു. പീഡിപ്പിച്ചിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കുമോയെന്നും പ്രസ്താവനയിൽ ചോദിക്കുന്നു. കന്യാസ്ത്രീക്കെതിരെ ബന്ധു പരാതി നൽകിയ ശേഷമാണ് ബിഷപ്പുമായി അകന്നത് എന്നും രൂപത ചൂണ്ടിക്കാട്ടിയിരുന്നു.