2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ ഇന്ത്യയെ മാറ്റിമറിച്ച തെരഞ്ഞെടുപ്പ് (The elections that changed India), എന്നാണ് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി വിശേഷിപ്പിച്ചത്. എന്നാൽ, നരേന്ദ്രമോദി സർക്കാരിന്റെ വിധി നിർണയിക്കുന്ന 2019-ലെ തെരഞ്ഞെടുപ്പ് ഒരർഥത്തിന്റെ ഇന്ത്യയുടെ രാഷ്ട്രീയത്തിന്റെ് തുടർച്ച നിശ്ചയിക്കുന്ന വിധിയെഴുത്ത് കൂടിയാകുമോ? സുപ്രധാനമായ ആ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള രാഷ്ട്രീയ അന്തരീക്ഷം ഒരുക്കുന്നതിൽ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സ്വാധീനം ചെലുത്തും.
പരീക്ഷിക്കപ്പെടുക നരേന്ദ്രമോദി സർക്കാരിന്‍റെ ജനപ്രീതി തന്നെയാകും. മോദിയ്ക്കെതിരായ വിശാലസഖ്യത്തിന്‍റെ നേതാവാകാൻ ശ്രമിക്കുന്ന രാഹുൽ ഗാന്ധിക്കും ഈ ഫലം നിർണായകമാണ്.
അങ്കത്തട്ടൊരുങ്ങുമ്പോൾ..
നിയമസഭയിലെ സാഹചര്യമല്ല, ലോക്സഭയിലെന്ന് ബിജെപി വിശദീകരിച്ച് തുടങ്ങി. കാര്യം ശരിയാണ്. 2003-ൽ നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്നിലും ബിജെപി വിജയിച്ചതാണ്. എന്നാൽ 2004-ൽ ലോക്സഭാഫലം വന്നപ്പോൾ ബിജെപി തോറ്റു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ലോക്സഭാ തെരഞ്ഞെടുപ്പിൽ ലോക്സഭയിൽ എന്ത് സംഭവിയ്ക്കും എന്നതിന്‍റെ അളവുകോലല്ല. പക്ഷേ, മൂന്ന് പ്രധാന വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ടർമാർ നരേന്ദ്രമോദിയുടെ പ്രവർത്തനത്തിനും മാർക്കിടുകയാണിവിടെ. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ ഫലം ബിജെപിയ്ക്ക് നിർണായകം തന്നെയാകും.
ഭരണവിരുദ്ധവികാരം മറികടന്ന് മൂന്നിൽ രണ്ട് സംസ്ഥാനങ്ങളിലെങ്കിലും വിജയിക്കാനായാൽ മോദി തരംഗത്തിന് കോട്ടമില്ലെന്ന് വിലയിരുത്താം. മറിച്ചെങ്കിൽ പാർട്ടിയ്ക്കുള്ളിലെ മുറുമുറുപ്പ് കൂടുതൽ പുറത്തുവരും. അവസരം നോക്കി നിൽക്കുന്ന മുതിർന്ന നേതാക്കൾ പരസ്യവിമർശനം ഉയർത്തും. ബിജെപിയുടെ ഏത് തോൽവിയും ശിവസേനയെപ്പോലുള്ള സഖ്യകക്ഷികൾക്കും ബലം പകരും.
എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും ഒരു വശത്ത് കോൺഗ്രസാണ്. പത്തുകൊല്ലമായി ഭരണത്തിലുള്ള മിസോറാം നിലനിർത്തുന്നതിനൊപ്പം ബിജെപിയിൽ നിന്ന് രണ്ട് സംസ്ഥാനങ്ങളെങ്കിലും പിടിച്ചെടുത്താൽ രാഹുൽഗാന്ധിയുടെ ഗ്രാഫ് ഉയരും. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി യുപിഎയിലെ പാർട്ടികൾ രാഹുലിനെ അംഗീകരിക്കും. മമതയും മായാവതിയും വിലപേശൽ മയപ്പെടുത്തും. മറിച്ചെങ്കിൽ പ്രാദേശിക പാർട്ടികൾ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും തള്ളിക്കളയും. ലോക്സഭയിലേക്കുള്ള മോദിയുടെ വഴി സുഗമമാകും. ബിജെപിക്കെതിരെ രണ്ടു മുന്നണികളായി പ്രതിപക്ഷം വിഭജിക്കപ്പെടും.
ജനകീയപ്രശ്നങ്ങളാണ് മറ്റൊന്ന്. കുതിച്ചുകയറിയ ഇന്ധനവിലയും, നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റവും, കർഷകപ്രശ്നങ്ങളും, റഫാൽ ഇടപാടിലെ അഴിമതിയാരോപണങ്ങളും വോട്ടർമാരെ സ്വാധീനിച്ചോ എന്നും അഞ്ച് സംസ്ഥാനങ്ങളിലെ ഈ വിധിയെഴുത്തിലൂടെ അറിയാം.
