ദില്ലി: ആധാര്‍ നമ്പര്‍ വിവിധ സേവനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 2018 മാര്‍ച്ച് 31 വരെ നീട്ടി നല്‍കാമെന്നാണ് കേന്ദ്രം ഇന്ന് സുപ്രീം കോടതിയെ അറിയിച്ചത്.
ആധാറിന്റെ ഭരണഘടന സാധുതയെയും ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ തുടങ്ങിയവയുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനെയും ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം കേള്‍ക്കുക. ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന് മുമ്പിലെത്തിയ ഹര്‍ജി വാദം കേള്‍ക്കാനായി മാറ്റി വയ്ക്കുകയായിരുന്നു.
ഒക്ടോബര്‍ 30 ന് കേസ് പരിഗണിച്ചപ്പോള്‍ ആധാര്‍ വിഷയം പരിഗണിക്കാന്‍ പ്രത്യക ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി തീരുമാനിച്ചിരുന്നു. അതുവരെ കേന്ദ്ര സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ക്കും ബാങ്ക് അക്കൗണ്ട്, മൊബൈല്‍ കണക്ഷന്‍ എന്നിവയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതും തുടരാമെന്നും കോടതി ഉത്തരവിട്ടു.
ഈ ഉത്തരവില്‍ സ്റ്റേ ആവശ്യപ്പെട്ട് ഹര്‍ജ്ജിക്കാരിലൊരാളുടെ അഭിഭാഷകന്‍ അഡ്വ. ശ്യാം ദിവാന്‍ കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിക്കുന്നതിന് പകരം, കേസ് അടുത്തയാഴ്ച തന്നെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിക്കുകയായിരുന്നു.
