പെരിയാര്‍ കടുവ സങ്കേതത്തില്‍ വയര്‍ലെസ്സ് സെറ്റുകള്‍ വാങ്ങിയ സംഭവത്തില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.  നടപടി ക്രമങ്ങള്‍ പാലിക്കാതെ അധികമായി ചെലവാക്കിയ 75,800 രൂപ അന്നത്തെ ഡെപ്യൂട്ടി ഡയറക്ടറില്‍ നിന്ന് ഈടാക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തു.  മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ഇടുക്കി വിജിലന്‍സ് ഡിവൈഎസ്‌പി സമര്‍പ്പിച്ചത്.

പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന സഞ്ജയന്‍ കുമാര്‍, അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ ജോണ്‍ മാത്യൂസ്, റേഞ്ച് ഓഫീസര്‍ കെ ഇ സിബി എന്നിവര്‍ ചേര്‍ന്ന് വയര്‍ലെസ് സെറ്റ് വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് കുമളി സ്വദേശി  സജിമോന്‍ സലീമാണ് മുവാറ്റു പുഴ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. ഇതിന്റെ ഭാഗമായി വിവിധ രേഖകള്‍ പരിശോധിച്ച് സാക്ഷി മൊഴികള്‍ രേഖപ്പെടുത്തിയാണ് വിജിലന്‍സ്  റിപ്പോര്‍ട്ട് തയ്യാറാക്കിയത്.  5,03,800 രൂപയ്‌ക്ക് എട്ട് വയര്‍ലെസ്സ് മൊബൈല്‍ വെഹിക്കിള്‍ സെറ്റുകളും നാല് ഹാന്‍ഡ് ഹെല്‍ഡ് മൊബൈല്‍ സെറ്റുകളുമാണ് വാങ്ങിയത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനമായ പ്രോംപ്ട് വയേര്‍ഡ് ആന്റ് വയര്‍ലെസ്സ് കമ്യൂണിക്കേഷന്‍സില്‍ നിന്നാണിവ വാങ്ങിയത്. എസ്റ്റിമേറ്റ് സമര്‍പ്പിച്ച സമയത്ത് വനം വകുപ്പ് ഫീല്‍ഡ് ഡയറക്ടറില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു.  എന്നാല്‍ എസ്റ്റിമേറ്റിനേക്കാള്‍  ഉയര്‍ന്ന തുകയ്‌ക്കാണ് വയര്‍ലെസ്സ് വാങ്ങിയത്. വെഹിക്കിള്‍ സെറ്റുകള്‍ക്ക് 6510 രൂപയും ഹാന്‍റ് സെറ്റുകള്‍ക്ക് 5930 രൂപ വീതവും അധികം നല്‍കിയതായും കണ്ടെത്തി.  ഇത്തരത്തില്‍ 75800 രൂപയുടെ നഷ്‌ടമാണ് സര്‍ക്കാരിനുണ്ടായത്.  ഉയര്‍ന്ന വിലയ്‌ക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഫീല്‍ഡ് ഡയറക്ടറുടെ  അനുവാദം വാങ്ങണമന്നും പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കണമെന്നുമുള്ള ചട്ടങ്ങള്‍ ഇവിടെ പാലിക്കപ്പെട്ടില്ല.  ഒരു ലക്ഷം രൂപ വരെയുള്ള തുകക്ക് അംഗീകാരം നല്‍കാന്‍ കഴിയുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ അഞ്ചു ലക്ഷം രൂപക്കു മുകളിലുള്ള തുകയ്‍ക്ക് അംഗീകാരം നല്‍കിയതും തെറ്റാണ്. അതിനാല്‍ തുക സഞ്ജയന്‍ കുമാറില്‍ നിന്ന് ഈടാക്കണമെന്നാണ് ശുപാര്‍ശ.  മറ്റുള്ളവര്‍ക്കെതിരെ നടപടി വേണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. വാങ്ങാന്‍ തീരുമാനിച്ച സാധനങ്ങള്‍  മാറ്റാഞ്ഞതു കൊണ്ടാണ് ഫീല്‍ഡ് ഡയറക്ടറുടെഅനുവാദം വാങ്ങാതിരുന്നതെന്നുള്ള എതൃകക്ഷികളുടെ വാദം നിലനില്‍ക്കുന്നതല്ലെന്നാണ്  അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.