തിരുവനന്തപുരം നേത്രാവതി എക്‍സ്പ്രസില്‍ എസ് 3 സ്ലീപര്‍ കോച്ചിലായിരുന്നു  മുഹമ്മദലിയും ഭാര്യ താഹിറയും.  കളനാട് തുരങ്കത്തിനടുത്ത് വച്ചാണ് അപകടമുണ്ടായത്.  

തൃശൂര്‍: ഒന്നാം വിവാഹ വാര്‍ഷികാഘോഷം കഴിഞ്ഞ് നാട്ടില്‍ നിന്ന് ഭാര്യയോടൊപ്പം ജോലി സ്ഥലത്തേക്ക് മടങ്ങിയ യുവാവ് ട്രെയിനില്‍ നിന്ന് വീണുമരിച്ചു. തൃശൂര്‍ വെങ്കിടങ്ങ് തോയകാവ് ഇറച്ചേം വീട്ടില്‍ ഇ.കെ മുഹമ്മദലി(24) യാണ് മരിച്ചത്. തിരുവനന്തപുരം നേത്രാവതി എക്സ്പ്രസില്‍ എസ് 3 സ്ലീപ്പര്‍ കോച്ചിലായിരുന്നു മുഹമ്മദലിയും ഭാര്യ താഹിറയും. കളനാട് തുരങ്കത്തിനടുത്ത് വച്ചാണ് അപകടമുണ്ടായത്. 

കൈകഴുകാനായി സീറ്റില്‍ നിന്നും പോയ മുഹമ്മദലി സമയം ഏറെ കഴിഞ്ഞിട്ടും തിരികെ വന്നില്ല. ഇതോടെ മറ്റ് കോച്ചുകളില്‍ മുഹമ്മദലിക്കായി തിരച്ചില്‍ നടത്തി. കങ്കനാടി ജംഗ്ഷനിലെത്തിയപ്പോള്‍ ട്രെയിനില്‍ നിന്ന് ആരോ വീണെന്ന വിവരം സ്റ്റേഷനില്‍ നിന്ന് ലഭിച്ചു. ഭാര്യ താഹിറ ജനറല്‍ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

ഒരുമാസം മുമ്പാണ് ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഇരുവരും നാട്ടിലെത്തിയത്. നവംബര്‍ 26 നായിരുന്നു വിവാഹ വാര്‍ഷികം. ഭാര്യ താഹിറ മുംബൈ സ്വദേശിനിയാണ്. മുംബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ വെബ് ഡിസൈനറായിരുന്നു മുഹമ്മദ്.