ചെന്നൈ: അമ്മയെയും കൗമാരക്കാരികളായ മൂന്ന് മക്കളെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റോയപ്പേട്ട മുത്തു സ്ട്രീറ്റിലെ ഒറ്റമുറി വീട്ടിലാണ് മീന (36), പരിമള (19), പവിത്ര (18), സ്നേഹ (16) രുടെ ദിവസങ്ങള്‍ പഴക്കമുളള മൃതദേഹം കണ്ടെത്തിയത്. ഏതാനും ദിവസമായി ഇവരെ കാണാനില്ലായിരുന്നെന്ന് പരിസരവാസികള്‍ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് സ്ത്രീയുടെ ഭര്‍ത്താവ് ചിന്നരശുവിനെ മറീന ബീച്ചില്‍ നിന്ന് പൊലീസ് പിടികൂടി. നാല് കൊലപാതകങ്ങള്‍ക്കും പിന്നില്‍ ഇയാളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പരിമളയും പവിത്രയും ചെന്നൈയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു സ്നേഹ. വീടിനുള്ളില്‍ നിന്ന് ദര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ട വീട്ടുടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തിയാണ് അഴുകിത്തുടങ്ങിയ നാല് മൃതദേഹങ്ങളും പുറത്തെടുത്തത്. മൃതദേഹങ്ങള്‍ക്ക് ചുരുങ്ങിയത് മൂന്ന് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസവും ചിന്നരശു വീട്ടിലെത്തിയിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് അയല്‍വാസികള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ എലി ചത്തുകിടക്കുന്നതായിരിക്കുമെന്നായിരുന്നു ഇയാളുടെ മറുപടിയെന്ന് പരിസരവാസികള്‍ പറഞ്ഞു. എന്നാല്‍ വീടിനുള്ളില്‍ നിന്ന് അശ്വഭാവികമായി ശബ്ദമൊന്നും കേട്ടിരുന്നില്ലെന്ന് അവര്‍ പൊലീസിനെ അറിയിച്ചു.
