ബംഗളൂരു: കർണാടകത്തിൽ ഒന്നര വയസുള്ള കുട്ടിയെ മർദ്ദിച്ചതിന് അന്പത്തിയഞ്ചുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളുരുവിലെ ഉത്തരഹള്ളിയിലാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കളോടുള്ള ദേഷ്യം കാരണമാണ് കുഞ്ഞിനെ മർദ്ദിച്ചതെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞു.
അയൽക്കാരിൽ നിന്നും സരസ്വതി തവണകളായി പണം നൽകാമെന്ന വ്യവസ്ഥയിൽ ഒരു റഫ്രിജറേറ്റർ വാങ്ങിയിരുന്നു. ഇതിന്റെ അടവ് തെറ്റിയപ്പോൾ റഫ്രിജറേറ്റർ നൽകിയ ശോഭയും ഭർത്താവും സരസ്വതിയോട് പണം ആവശ്യപ്പെട്ടു. പല തവണ ആവശ്യപ്പെട്ടിട്ടും പണം നൽകാൻ സരസ്വതി തയ്യാറാകാത്തതിനെ തുടർന്ന് ഇരുവീട്ടുകാരും കഴിഞ്ഞ ദിവസം തമ്മിൽ കലഹിച്ചിരുന്നു.
ഇതിന്റെ പ്രതികാരമായാണ് സരസ്വതി ശോഭയുടെ പിഞ്ചുകുഞ്ഞിനെ മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇത് കണ്ട് ശോഭ വന്ന് കുഞ്ഞിനെ എടുത്തെങ്കിലും സരസ്വതി മർദ്ദനം തുടർന്നു. തുടർന്ന് അയൽക്കാർ എത്തിയാണ് സരസ്വതിയെ പിടിച്ചുമാറ്റിയത്.
പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. ശോഭയുടെ പരാതിയിൽ കേസെടുത്ത പൊലീസ് സരസ്വതിയെ അറസ്റ്റ് ചെയ്തു.
