കണ്ണൂര്‍: പയ്യന്നൂരില്‍ അമ്മായിമ്മയെ കോണിപ്പടിയില്‍ നിന്ന് തള്ളിയിട്ട് ശേഷം കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച മരുമകളെ പൊലീസ് അറസ്റ്റ് ചെയ്തു. ബഹളം കേട്ട് അയല്‍പക്കത്തെ സ്ത്രീ ഓടിയെത്തിയാണ് വയോധികയെ രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ മീനാക്ഷിയമ്മയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പയ്യന്നൂര്‍ രാമന്തളി സ്വദേശിനി 63 കാരിയായ മീനാക്ഷിയമ്മയാണ് മരുമകളുടെ ക്രൂരപീഡനത്തിന് ഇരയായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, നാല് വര്‍ഷം മുമ്പാണ് മീനാക്ഷിയമ്മയുടെ മകന്‍ രവീന്ദ്രന്‍ സുചിത്രയെ വിവാഹം കഴിക്കുന്നത്. മകന്റെ പ്രേമവിവാഹത്തെ മീനാക്ഷിയമ്മ ആദ്യം മുതല്‍ എതിര്‍ത്തിരുന്നു. പിന്നീട് നാളുകളായി മീനാക്ഷിയമ്മയും സുചിത്രയും തമ്മില്‍ കലഹത്തിലായിരുന്നു. ഇന്ന് രാവിലെ വീടിന്റെ ടെറസ്സില്‍ കയറിയ സുചിത്ര പാമ്പിനെ കണ്ടെന്ന വ്യാജേന ബഹളം വെച്ചു. ശബ്ദം കേട്ട് കോണിപ്പടി കയറി ടെറസിലെത്താന്‍ ശ്രമിച്ച മീനാക്ഷിയമ്മയെ കോണിയില്‍ നിന്ന് സുചിത്ര തള്ളിയിട്ടു. തലപൊട്ടി രക്തം വാര്‍ന്ന് കിടന്ന മീനാക്ഷിയമ്മയെ മരുമകള്‍ വായില്‍ തോര്‍ത്ത് തിരുകിയ ശേഷം കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. ഇതിനിടെയാണ് ശബ്ദം കേട്ട് അയല്‍വാസിയായ സ്ത്രീ ഓടിയെത്തി മീനാക്ഷിയമ്മയെ രക്ഷപ്പെടുത്തുന്നത്. ഭര്‍ത്താവുമൊത്ത് സുഖമായി ജീവിക്കാന്‍ അമ്മായിമ്മയെ ഇല്ലാതാക്കണമെന്ന ചിന്തയാണ് വധശ്രമത്തിനു പിന്നിലെന്ന് സുചിത്ര പൊലീസിനോടു സമ്മതിച്ചു.

തലയ്ക്കും നട്ടെല്ലിനും ഗുരുതമായി പരിക്കേറ്റ മീനാക്ഷിയമ്മ ഇപ്പോള്‍ മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വധശ്രമത്തിനു പിന്നില്‍ മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.