ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയെ ആണ് മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിയത്

ലക്‌നൗ: വായ്പ തിരിച്ച് നല്‍കിയില്ലെന്നാരോപിച്ച് സ്ത്രീയെ തീക്കൊളുത്തി. ഉത്തര്‍പ്രദേശിലെ ബല്ലിയലിലെ ജജോളി ഗ്രാമത്തിലാണ് ക്രൂരമായ ആക്രമണം നടന്നത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

മാര്‍ച്ച് എട്ടിനാണ് ജജോളിയിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 45 കാരി രേഷ്മ ദേവിയെ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിയത്. മുക്കാല്‍ ഭാഗവും പൊള്ളലേറ്റ രേഷ്മയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. രേഷ്മ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

സംഭവത്തില്‍ സോനു, സിദ്ധു സിംഗ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്. പ്രതികളില്‍നിന്ന് രേഷ്മ 20000 രൂപ വായ്പ എടുത്തിരുന്നു. പണം തിരിച്ച് നല്‍കിയിട്ടും പലിശ ആവശ്യപ്പെട്ട് ഇരുവരും രേഷ്മയെ നിരന്തരമായി ശല്യം ചെയ്തിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.