വീണ്ടും വിവാഹം കഴിക്കാന്‍ നിക്കാഹ് ഹലാലയ്ക്ക് വിധേയയാകണമെന്നും ഇതിനായി ഭര്‍തൃപിതാവിനെ വിവാഹം കഴിക്കണമെന്നും പറഞ്ഞ് യുവതിയെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തി. ഭീഷണിക്ക് വഴങ്ങാതിരുന്ന യുവതിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭര്‍ത്താവും ഭര്‍തൃപിതാവും ബലാത്സംഗം ചെയ്തു

സംഭാല്‍: നിക്കാഹ് ഹലാലയുടെ പേരില്‍ ക്രൂരമായ പീഡനങ്ങളും ഭീഷണിയും നേരിടുന്നുവെന്ന പരാതിയുമായി യുവതി. മൊറാദാബാദ് സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

മുത്തലാഖ് വഴിയോ അല്ലാതെയോ വിവാഹബന്ധം വേര്‍പെടുത്തുന്ന ദമ്പതികള്‍ തമ്മില്‍ വീണ്ടും വിവാഹം കഴിക്കണമെങ്കില്‍ വനിതാപങ്കാളി മറ്റൊരാളെ വിവാഹം ചെയ്ത് ലൈംഗികബന്ധം നടന്ന ശേഷം വിവാഹബന്ധം വേര്‍പെടുത്തണം എന്ന മതപരമായ നിബന്ധനയാണ് നിക്കാഹ് ഹലാല. 

ഭര്‍ത്താവിനും ഭര്‍തൃപിതാവിനും ഏതാനും പുരോഹിതര്‍ക്കും അമ്മാവനുമെതിരെയാണ് മൊറാദാബാദ് സ്വദേശിനി പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്- 2014ല്‍ വിവാഹിതയായ യുവതിയെ 2015ല്‍ തന്നെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നീട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ശേഷം വീണ്ടും വീട്ടില്‍ കയറ്റിയെങ്കിലും വീട്ടില്‍ നിന്ന് പുറത്തായ സമയത്ത് യുവതിയുമായി ഭര്‍ത്താവിനുള്ള ബന്ധം വേര്‍പെടുത്തിയെന്ന് ബന്ധുക്കള്‍ അറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് വീണ്ടും വിവാഹം കഴിക്കാന്‍ നിക്കാഹ് ഹലാലയ്ക്ക് വിധേയയാകണമെന്നും ഇതിനായി ഭര്‍തൃപിതാവിനെ വിവാഹം കഴിക്കണമെന്നും പറഞ്ഞ് യുവതിയെ അമ്മാവനുള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഭീഷണിപ്പെടുത്തി. ഭീഷണിക്ക് വഴങ്ങാതിരുന്ന യുവതിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭര്‍ത്താവും ഭര്‍തൃപിതാവും ബലാത്സംഗം ചെയ്തു. 

2017 ഒക്ടോബറില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയ യുവതി വീണ്ടും ഭര്‍തൃവീട്ടില്‍ നിന്ന് ഭീഷണികളുയര്‍ന്നതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനും, ഇയാളുടെ പിതാവിനുമെതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തതായി എഡിജിപി അറിയിച്ചു.