നേപ്പാള്‍: ആര്‍ത്തവ അശുദ്ധിയെ തുടര്‍ന്ന് വീട്ടില്‍ നിന്ന് പുറത്താക്കിയ യുവതി തണുത്ത് മരവിച്ച് മരിച്ചു. നേപ്പാളിലെ അച്ചാന്‍ ഗ്രാമത്തിലാണ് ആര്‍ത്തവസമയത്ത് സ്ത്രീകളെ പുറത്ത് നിര്‍ത്തരുതെന്നുള്ള നിയമം നിലവില്‍ വന്നിട്ടും ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. വീടിന് പുറത്ത് മഴയും മഞ്ഞുമടിക്കുന്ന ഷെഡ്ഡില്‍ തണുത്ത് മരവിച്ചാണ് 21കാരി മരിച്ചത്. തണുപ്പ് അകറ്റാന്‍ തീ കുട്ടിയതുമൂലമുണ്ടായ പുക ശ്വസിച്ചതും അതിശൈത്യമാണ് മരണത്തിന് കാരണമെന്ന് സര്‍ക്കാര്‍ വക്തമാവ് ബഹദൂര്‍ കൗച്ച പറഞ്ഞു.

ഈ പ്രദേശത്ത് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ വീടിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ല. പകരം വീടിന് അകലെ സുരക്ഷയില്ലാത്ത ഷെഡ്ഡുകളിലാണ് താമസിപ്പിക്കുന്നത്. അതിശൈത്യം തുടരുന്ന ഈ സമയത്ത് പോലും ഇതേ സമീപനമാണ് ഇവര്‍ സ്ത്രീകളോട് കാണിക്കുന്നത്. ആര്‍ത്തവ സമയത്ത് സ്ത്രീകളെ പുറത്തിരുത്തുന്നത് സുപ്രീം കോടതി നിരോധിച്ചിരുന്നുവെങ്കിലും നേപ്പാളിലെ പല ഉള്‍ഗ്രാമങ്ങളിലും ഈ ദുരാചാരം തുടരുന്നുണ്ട്. സ്ത്രീകളോടുള്ള ഈ വിവേചനത്തിന് മൂന്ന് മാസം തടവും 3000 രൂപ പിഴയുമാണ് ശിക്ഷ. കഴിഞ്ഞ ഓഗസ്റ്റിലാണ് ഈ നിമയം പ്രാബല്യത്തില്‍ വന്നത്. 

 ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ താമസിക്കുന്ന ഷെഡ്ഡില്‍ തണുപ്പിനെ അതിജീവിക്കാനോ മൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാനോയുള്ള സുരക്ഷ സംവിധാനങ്ങളില്ല. ആര്‍ത്തവ സമയത്ത് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി മരണങ്ങളാണ് നേപ്പാളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2016 ല്‍ നവംബറില്‍ നാല് രാത്രികള്‍ ഒറ്റയ്ക്ക് പുറത്ത് കഴിയേണ്ടി വന്നതോടെ ദമ്പാര ഉപാധ്യായ് എന്ന 21 കാരി മരിച്ചത് വലിയ വാര്‍ത്തയായിരുന്നു.