'ഡക്‌സീന്‍' പൊലീസ് ഫേസ്ബുക്കില്‍ ഫോട്ടോ കുറിപ്പ് ഇട്ടതോടെയാണ് സംഭവം പുറത്തായത്. ഇതോടെ സ്ത്രീയുടെ മറുപടിയെ 'ട്രോളി'ക്കൊണ്ട് നിരവധി പേരും രംഗത്തെത്തി
പെന്‍സില്‍വാനിയ: റോഡിനോട് ചേര്‍ന്നുള്ള റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ച സ്ത്രീക്കെതിരെ കേസ്. വിചിത്രമായ സംഭവത്തില്‍ സ്ത്രീയെ ചോദ്യം ചെയ്ത പൊലീസിന് ലഭിച്ച ഉത്തരം സോഷ്യല്‍ മീഡിയകളില്‍ വന്‍ തരംഗവുമായി.
റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ച് പോയതിന് പിന്നിലെ കാരണമാണ് കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് സ്ത്രീയോട് ചോദിച്ചത്. താന്‍ ജിപിഎസ് നോക്കി പോയതാണെന്നും, അത് കാണിച്ചുതന്ന വഴിയിലൂടെ പോകുക മാത്രമാണ് താന്‍ ചെയ്തതെന്നുമായിരുന്നു സ്ത്രീയുടെ മറുപടി.
'ഡക്‌സീന്‍' പൊലീസ് ഫേസ്ബുക്കില്‍ ഫോട്ടോ കുറിപ്പ് ഇട്ടതോടെയാണ് സംഭവം പുറത്തായത്. ഇതോടെ സ്ത്രീയുടെ മറുപടിയെ 'ട്രോളി'ക്കൊണ്ട് നിരവധി പേരും രംഗത്തെത്തി. ജിപിഎസ് പറഞ്ഞാല്‍ ഏതുവഴിയും പോകുമോ, സാമാന്യം ബോധമില്ലേയെന്നും മറ്റും ഇവര്‍ക്കെതിരെ പരിഹാസങ്ങളുയര്‍ന്നു.
അതേസമയം ജിപിഎസ് സംവിധാനത്തിന് കാര്യമായ പിഴകളുണ്ടെന്ന വാദവുമായും ചിലരെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം, ചൈനയില്‍ ഒരാള്‍, ജിപിഎസ് നോക്കി പുഴയിലേക്ക് കാറോടിച്ച് പോയ വാര്‍ത്തയും ഏറെ ചര്‍ച്ചകളുയര്‍ത്തിയിരുന്നു. ഇക്കാര്യവും പലരും വീണ്ടും ചൂണ്ടിക്കാട്ടി.
റെയില്‍വേ ട്രാക്കില്‍ വാഹനമോടിക്കുന്നത് കുറ്റകരമാണെന്നതിനാല്‍ സ്ത്രീക്കെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിന് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഓടിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ തന്നെയാണ് അധികൃതരുടെ തീരുമാനം.
