അല്‍വാര്‍ ജില്ലയിലെ റെനി ഗ്രാമവാസിയായ ജഗന്നാഥ് എന്നയാളുമായി 2015 ജനുവരിയിലാണ് യുവതിയുടെ വിവാഹം നടന്നത്. അന്നുമുതല്‍ തന്നെ 51,000 രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കാറുണ്ടായിരുന്നു. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പണം നല്‍കാതായതോടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. തുടര്‍ന്ന് അശ്ലീല വാചകങ്ങളും ചിത്രങ്ങളും യുവതിയുടെ കൈയ്യിലും നെറ്റിയിലും പച്ചകുത്തുകയും ചെയ്തു. പിന്നെ വീട്ടിലേക്ക് പറഞ്ഞയച്ചു.
സ്വന്തം വീട്ടിലെത്തിയ യുവതിയുടെ ശരീരത്തില്‍ പച്ചകുത്തിയിരിക്കുന്നത് കണ്ട വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കാതെ ഇത് മായ്ച്ച് കളയാനാണ് ആദ്യം ശ്രമിച്ചത്. തുടര്‍ന്ന് സംഭവം വിവാദമായതോടെ ഇവര്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ കൈയ്യിലും നെറ്റിയിലും ഇപ്പോഴും പച്ചകുത്തിയ അടയാളമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഐപിസി 498 എ (ഗാര്‍ഹിക പീഡനം), 376 (ബലാത്സംഗം), 406 (ക്രിമിനല്‍ വിശ്വാസ വഞ്ചന) എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതികളിലാരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
