കൊച്ചി: സിനിമാ നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാറിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് സിനിമയിലെ വനിതാ സംഘടനയായ വുമണ്‍ ഇന് സിനിമാ കളക്ടീവ് അറിയിച്ചു. നടി ആക്രമിക്കപ്പെട്ട കേസില് റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ അനുകൂലിച്ച് ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സിനിമാ സംഘടന സ്പീക്കര്‍ക്ക് പരാതി നല്‍കുന്നത്.

കേസില് കുറ്റാരോപിതനായ ദിലീപിനെ പിന്തുണച്ചതിലൂടെ എംഎല്‍എ സ്ഥാനത്തിരുന്നു കൊണ്ട് ഗുരുതരമായ ഭരണഘടനാ ലംഘനമാണ് ഗണേഷ് കുമാര്‍ നടത്തിയതെന്നും പോലീസിനെയും നിയമത്തെയും പേടിക്കാതെ ജയിലില്‍ കഴിയുന്ന വ്യക്തിക്ക് പിന്തുണ നല്‍കണമെന്ന് പരസ്യ ആഹ്വാനമായിരുന്നു എംഎല്‍എ നടത്തിയതെന്ന് സംവിധായിക വിധു വിന്‌സെന്റ് ആരോപിച്ചു.

പോലീസ് കള്ളക്കേസ് എടുക്കുമെന്നോ, ചാനലുകളിലെ അന്തിചര്‍ച്ചകളെയോ ഭയന്ന് ദിലീപിന്റെ സഹായം സ്വീകരിച്ചിട്ടുള്ള ആരും അദ്ദേഹത്തെ പിന്തുണക്കാതിരിക്കരുതെന്നായിരുന്നു ഗണേഷ് പ്രസ്താവന. ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം നടത്തിയ പ്രസ്താവന ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പോലീസ് കോടതിയെ അറിയിക്കുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയിലെ വനിതാ സംഘടനസ്പീക്കറെ സമീപിക്കുന്നത്.