ബാങ്കോങ്‌ : വിവാഹം കഴിച്ച്‌ തട്ടിപ്പ്‌ നടത്തുന്ന ഒട്ടേറെ കുറിച്ച്‌ നാം കേട്ടിട്ടുണ്ട്‌. എന്നാല്‍ യുവതികള്‍ വിവാഹ തട്ടിപ്പ്‌ നടത്തുന്നത്‌ വിരളമാണ്‌. അത്തരം ഒരു സംഭവമാണ്‌ തായ്‌ലന്റില്‍ നടന്നു വരുന്നത്‌. രണ്ടു വര്‍ഷത്തിനുള്ളില്‍ പതിനൊന്ന്‌ പേരെ വിവാഹം ചെയ്‌ത ലക്ഷകണക്കിന്‌ രൂപയാണ്‌ യുവതി തട്ടിയെടുത്തത്‌. യുവതിക്കായി പോലീസ്‌ തിരച്ചില്‍ ആരംഭിച്ചു.

ഫേസ്‌ബുക്കിലൂടെയാണ്‌ യുവതി യുവാക്കളെ കണ്ടെത്തുന്നത്‌. വ്യാജ പേരും മേല്‍ വിലാസവും നല്‍കിയാണ്‌ യുവാക്കള്‍ക്കായി കെണിയൊരുക്കുന്നത്‌. ഇതേ സമയം ഇവരുടെ യഥാര്‍ത്ഥ പേര്‌ എന്താണെന്ന്‌ ഭര്‍ത്താക്കന്‍മാര്‍ക്ക്‌ അറിയില്ല. ഒടുവിലത്തെ ഭര്‍ത്താവിന്‌ നല്‍കിയ പേര്‌ ജരിയ പോണ്‍ നമണ്‍ഭൂയെ എന്നാണ്‌. എന്നാല്‍ ഇത്‌ വ്യാജമായിരിക്കുമെന്നാണ്‌ പോലീസ്‌ നിഗമനം. ദിവസങ്ങളോളം യുവതിയെ കാണാത്തതിനെ തുടര്‍ന്ന്‌ ഭര്‍ത്താക്കന്മാര്‍ നല്‍കിയ പരാതിയിലാണ്‌ തട്ടിപ്പിനിരയായത്‌ മനസ്സിലായത്‌.

തായ്‌ലന്റില്‍ വിവാഹ ശേഷം ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്ക്‌ പണം നല്‍കുന്ന ആചാരമുണ്ട്‌. ഈ ആചാരത്തെ ബിസിനസ്സായി മാറ്റിയിരിക്കുകയാണ്‌ യുവതി. ഒരു മാസത്തിനിടെ മൂന്നും നാലും വിവാഹം ചെയ്‌തുവെന്നാണ്‌ പോലീസ്‌ പറയുന്നത്‌. ഫേസ്‌ബുക്ക്‌ അനുയോജ്യമായ യുവാക്കളെ കണ്ടെത്തുകയും കൂടുതല്‍ അടുപ്പം കാണിക്കുകയും പിന്നീട്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമാണ്‌ യുവതിയുടെ രീതി. ഇതിന്‌ ശേഷം വിവാഹം ചെയ്യാന്‍ ആവശ്യപ്പെടുകയാണ്‌ ചെയ്യുന്നത്‌.

വിവാഹത്തിന്‌ ശേഷം ഓരോ യുവാക്കളുടെയും സാമ്പത്തിക ശേഷിക്കനുസരിച്ചാണ്‌ ഭാര്യമാര്‍ക്ക്‌ സ്‌ത്രീധനം നല്‍കുന്നത്‌. ഇങ്ങനെ ഒരാളില്‍ നിന്ന്‌ മൂന്നു മുതല്‍ ആറു ലക്ഷം രൂപ വരെ യുവതിക്ക്‌ ലഭിച്ചിട്ടുണ്ട്‌. പണം ലഭിച്ചാല്‍ എന്തെങ്കിലും കാരണം പറഞ്ഞ്‌ യുവതി വീട്‌ വിടാറാണ്‌ പതിവ്‌. പിന്നീട്‌ രാജ്യത്തിന്റെ മറ്റേതെങ്കിലും സ്ഥലത്ത്‌ പോയി തട്ടിപ്പ്‌ നടത്തുകയാണ്‌ യുവതി ചെയ്യുന്നതെന്നും ഇവര്‍ പോലീസിനോട്‌ പറഞ്ഞു.