അമേരിക്കയിലെ ഒരു വിമാനത്താവളത്തിലെ ശൗചാലയത്തില്‍ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞു. അരിസോണയിലെ ടസ്‌കണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജനുവരി 14നായിരുന്നു സംഭവം. നിറവയറുമായി വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന സ്ത്രീ ശൗചാലയത്തില്‍ പോയ ശേഷം തന്റെ ബാഗുമായി നടന്നു പോകുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. നവജാതശിശുവിനെ ഉപേക്ഷിച്ചത് ഇവരാണെന്നാണ് വിമാനത്താവള അധികൃതര്‍ സംശയിക്കുന്നത്.

വിമനത്താവളത്തിലെ ജീവനക്കാരനാണ് ആദ്യം ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശു കിടക്കുന്നത് കണ്ടത്.കഞ്ഞിനരികില്‍ ഒരു കുറിപ്പും സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. 'അവന് ഏറ്റവും മികച്ചത് ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. അത് പക്ഷേ ഞാനല്ല. ദയവായി എന്നോട് ക്ഷമിക്കൂ' കുറിപ്പിലെ വാക്കുകള്‍ ഇങ്ങനെ. 'എന്നെ സഹായിക്കൂ, ഗര്‍ഭിണിയാണെന്ന കാര്യം എന്റെ അമ്മയ്ക്ക് അറിയില്ല. എന്നെ പരിപാലിക്കാന്‍ ഉള്ള പ്രാപ്തി എന്റെ അമ്മയ്ക്കില്ല. എന്നെ എത്രയും പെട്ടെന്ന് അധികൃതരെ ഏല്‍പിക്കുക. അവരെന്നെ സംരക്ഷിക്കും' എന്ന് കുഞ്ഞ് ആത്മഗതം നടത്തുന്ന പോലെ വിശദീകരിച്ചുള്ളതാണ് കുറിപ്പിലെ വേദനയേറിയ വാക്കുകള്‍.

തുണിയില്‍ പൊതിയാതെയാണ് കുട്ടിയെ ഉപേക്ഷിച്ചത്. ശൗചാലയത്തിനുള്ളിലെ മാലിന്യ കുപ്പയില്‍ രക്തക്കറയുള്ള വസ്ത്രങ്ങള്‍ ലഭിച്ചു. പെട്ടെന്ന് ശ്രദ്ധയില്‍പെടാതിരിക്കാന്‍ രക്തക്കറയുള്ള വസ്ത്രങ്ങള്‍ മറ്റൊരു തുണി കൊണ്ട് മറച്ചാണ് കുപ്പയിലിട്ടത്. അരിസോണയിലെ ശിശു സംരക്ഷണ വകുപ്പിന്റെ കസ്റ്റഡിയിലാണ് കുഞ്ഞിപ്പോള്‍. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ കുഞ്ഞിന് പൂര്‍ണ ആരോഗ്യമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിക്കുന്ന അമ്മമാരെ വേട്ടയാടുന്ന നിയമമല്ല അരിസോണയിലേതെന്നും എന്നാല്‍, 72 മണിക്കൂറിന് ശേഷം ചില നിശ്ചിത ആശുപത്രികളില്‍ മാത്രമേ നവജാത ശിശുകളെ ഉപേക്ഷിക്കാനെ നിയമം അനുവദിക്കുന്നുള്ളൂവെന്നും അരിസോണയിലെ ശിശു ക്ഷേമ ഫൗൻഡേഷൻ അധികൃതര്‍ പറയുന്നു.