നാല് മക്കളില്‍ മൂന്ന് പേര്‍ മരണപ്പെട്ടപ്പോള്‍ ഒരാള്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാണ്. ഹിമാചല്‍ പ്രദേശിലെ ഹമരിപൂര്‍ ജില്ലയിലെ അമഗാവ് ഗ്രാമത്തിലാണ് സംഭവം

ഹമരിപൂര്‍: ഭര്‍ത്താവുമായി വഴക്കിട്ടതിന്‍റെ ദേഷ്യത്തില്‍ മക്കളെ കെട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. നാല് മക്കളില്‍ മൂന്ന് പേര്‍ മരണപ്പെട്ടപ്പോള്‍ ഒരാള്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാണ്. ഹിമാചല്‍ പ്രദേശിലെ ഹമരിപൂര്‍ ജില്ലയിലെ അമഗാവ് ഗ്രാമത്തിലാണ് സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മരണപ്പെട്ട പ്രേമാവതിയും (28) ഭര്‍ത്താവും തമ്മില്‍ വലിയ വഴക്ക് നടന്നിരുന്നു. അതിന്‍റെ ദേഷ്യത്തില്‍ പ്രേമാവതി മക്കളായ സപ്ന (7), പ്രശാന്ത് (5), സ്നേഹ (3), ദിവ്യനാഷ് (1) എന്നിവരുടെ കെെയും കാലും കെട്ടിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി.

ഇതിന് ശേഷം സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഒരു വയസുകാരനായ ദിവ്യനാഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് സപ്നയും മരണത്തിന് കീഴടങ്ങി. പ്രേമാവതി, പ്രശാന്ത്, സ്നേഹ എന്നിവരെ പിന്നീട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു.

എന്നാല്‍, പ്രേമാവതിയെയും സ്നേഹയെയും രക്ഷിക്കാനായില്ല. ചികിത്സയില്‍ കഴിയുന്ന പ്രശാന്തിന്‍റെ നില ഗുരുതരമായി തുടരുകയാണെന്നും ഹമരിപൂര്‍ എസ്പി ഹേംരാജ് മീണ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.