മോഷ്ടിക്കപ്പെട്ട തന്‍റെ സൈക്കിള്‍ തിരിച്ച് മോഷ്ടിച്ച് യുവതി. ലണ്ടനിലെ ബ്രിസ്റ്റോളില്‍ നിന്നുള്ള ജെനി മോര്‍ട്ടിനാണ് തന്റെ സൈക്കിള്‍ വ്യത്യസ്തമായ രീതിയില്‍ തിരിച്ച് പിടിച്ചത്. മോഷ്ടിക്കപ്പെട്ട തന്റെ സൈക്കിളിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ജെനി എല്ലാവരോടും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

സൈക്കിളുകള്‍ വില്‍പ്പനയാക്കായുളള ഫെയ്‌സ്ബുക്ക് പേജില്‍ ഈ സൈക്കിള്‍ കണ്ട ഒരു സുഹൃത്താണ് ജെനിയെ വിവരമറിയിക്കുന്നത്. തുടര്‍ന്ന് ഇവര്‍ സൈക്കിള്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. സൈക്കിള്‍ തിരിച്ച് പിടിക്കാന്‍ പോലീസിന്റെ സഹായം തേടിയെങ്കിലും ലഭ്യമാകാത്തതിനെ തുടര്‍ന്ന് ജെനിയും സുഹൃത്തും നേരിട്ട് പോവുകയായിരുന്നു.

സൈക്കിളിനെ കുറിച്ച് ചെറിയ കാര്യങ്ങള്‍ ചോദിച്ച് തുടങ്ങിയ ജെനി ഓടിച്ച് നോക്കാനുള്ള അവസരം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സൈക്കിളുമായി നേരേ വീട്ടിലേക്ക് പോവുകയാണുണ്ടായത്. തന്റെ സൈക്കിള്‍ തിരിച്ച് കിട്ടിയ സന്തോഷത്തിനൊപ്പം സൈക്കിളിനുണ്ടായിരുന്ന കേടുപാടുകളും മോഷ്ടാവ് പരിഹരിച്ചതിന്റെ ഇരട്ടി സന്തോഷത്തിലാണ് ജെനി.