മഥുര: ബലാത്സംഗ ഇര പോലീസ് സ്റ്റേഷനിലെത്തി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചൊവ്വാഴ്ച രാവിലെ സ്‌റ്റേഷനില്‍ എത്തിയ യുവതി സ്വയം തീ കൊളുത്തി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. മഥുരയിലെ കോസികനിലുള്ള പോലീസ് സ്‌റ്റേഷനിലാണ് സംഭവം.
കഴിഞ്ഞ മാസമാണ് ഒരു പത്തൊന്‍പതുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ തന്നെ പീഡിപ്പിച്ചുവെന്ന് കാണിച്ച് യുവതി പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്തുവെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണത്തില്‍ പോലീസ് അലംഭാവം കാണിക്കുകയാണെന്നും കേസ് പിന്‍വലിക്കാന്‍ പ്രതികളില്‍ ഒരാള്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും യുവതി ആരോപിച്ചു.
ഇന്നു രാവിലെ സ്‌റ്റേഷനില്‍ എത്തിയ യുവതി, കയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു. ഈ സമയം സ്‌റ്റേഷനിലുണ്ടായിരുന്ന ജീവനക്കാര്‍ ഇടപെട്ട് ശ്രമം തടയുകയായിരുന്നു. അതേസമയം, കേസില്‍ അന്വേഷണം തുടരുകയാണെന്നും യുവതിയുടെ പരാതിയില്‍ സംശയം ഉള്ളതിനാലാണ് നടപടി വൈകുന്നതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
