വാഷിങ്ടണ്‍: ഹോട്ടലിലെ ഫ്രീസറിനുള്ളില്‍ 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. പെണ്‍കുട്ടിയുടെ അവസാന ദൃശ്യങ്ങള്‍ പുറത്തു വന്നു. ഷിക്കാഗോയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കെന്നിക ജെന്‍സ് എന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ അടുക്കളയിലെ വ്യവസായിക ആവശ്യത്തിനായി നിര്‍മ്മിച്ചിട്ടുള്ള വാക് ഇന്‍ ഫ്രീസറിനുള്ളിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

കാണാതാവുന്നതിന് മുമ്പുള്ള കെന്നിയുടെ അവസാന ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. അതേസയമം കെന്നി ഫ്രീസറിനുള്ളില്‍ കടക്കുന്നതായി കാണാന്‍ കഴിയുന്നില്ല. ഹോട്ടലിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. കാണാതായ ദിവസം കെന്നിക സ്വമേധയാ ഹോട്ടലിനുള്ളിലെ അടുക്കളയിലെ ഫ്രീസറിന് സമീപത്തേക്ക് നടക്കുന്നതായി കാണാം. ഇടയ്ക്ക് കെന്നിക ഇടറി ഭിത്തിയില്‍ ഇടിച്ച് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. 

 സെപ്തംബര്‍ ഒന്‍പതിനാണ് കെന്നിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 24 മണിക്കൂറിന് ശേഷം മൃതദേഹം ഫ്രീസറിനുള്ളില്‍ കണ്ടെത്തുകയായിരുന്നു.സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയാതായിരുന്നു യുവതി. മകളുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കെന്നിയുടെ മാതാവ് എഫ് ബി ഐ ആസ്ഥാനത്ത് പ്രതിഷേധിച്ചിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകളെ ചോദ്യം ചെയ്തതായി പോലീസ് അറിയിച്ചു. മുപ്പതോളമുള്ള പാര്‍ട്ടിയിലാണ് കെന്നിക പങ്കെടുത്തത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ടിട്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു. പാര്‍ട്ടിക്ക് വേണ്ടി മുറി ബുക്ക് ചെയ്യാനെത്തിയവര്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.