കൊച്ചി: എറണാകുളം മലയാറ്റൂരിൽ സ്ത്രീയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇല്ലിക്കത്തോട് സ്വദേശി ലീല ചെല്ലപ്പനാണ് മരിച്ചത്. സമീപത്തെ വീട്ടിലെ പറമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

വെളുപ്പിനെ മൂന്ന് മണിയോടെയാണ് ലീലയെ വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് ബന്ധുക്കളും അയൽക്കാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത ആൾത്താമസിമില്ലാത്ത വീട്ടിലെ പറമ്പിലായിരുന്നു മൃതദേഹം. തൊട്ടടുത്ത് നിന്ന് വാക്കത്തിയും കണ്ടെത്തി.

ലീലയ്ക്ക് കുറച്ച് ദിവസമായി മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതോടൊപ്പം, കഴിഞ്ഞ വീട് ജപ്തി ചെയ്യാനുള്ള നോട്ടീസും ബാങ്കിൽ നിന്ന് ലഭിച്ചിരുന്നു. ഇതായിരിക്കാം ആത്മഹത്യയിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് കരുതുന്നത്. ലീലയുടെ ഭർത്താവ് ചെല്ലപ്പൻ സമീപത്തെ ക്വാറിയിൽ ജീവനക്കാരാണ്. മൂന്ന് മക്കളാണ് ഇവർക്കുള്ളത്.

സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. ലീലയുടെ കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് സംശയത്തിന് കാരണം. ആലുവ റൂറൽ എസ്‍പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.