തിരുവനന്തപുരം:ശബരിമലയിൽ മുമ്പ് പ്രായഭേദമില്ലാതെ മുമ്പ് സ്ത്രീകൾ പ്രവേശിച്ചിട്ടുണ്ടെന്ന് ശബരിമല ഉപദേശക സമിതി നിയുക്ത ചെയർമാൻ ടികെഎ നായർ. തനിക്ക് അമ്മ ചോറൂൺ നൽകിയത് ശബരിമലയിൽ വച്ചായിരുന്നുവെന്നും ടികെഎ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ ചൊല്ലി തർക്കം നടക്കുന്നതിനിടെയാണ് ടികെഎ നായരുടെ നിർണ്ണായക വെളിപ്പെടുത്തൽ.1939 നവംബർ കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലായിരുന്നു ശബരിമലയിലെ ചോറൂണ് എന്ന് ടി കെ എ നായർ വിശദമാക്കി.

അതേ സമയം സുപ്രീം കോടതിയുടെ അന്തിമവിധി വരും വരെ സ്ത്രീപ്രവേശനത്തിൽ നിലവിലെ ആചാരം തുടരണം. ശബരിമലയുടെ സമഗ്രവികസനത്തിനായി പുതിയൊരു മാസ്റ്റർ പ്ലാൻ അനിവാര്യമാണെന്നും ടികെഎ നായർ പറഞ്ഞു. ശബരിമലയിലെ വികസനത്തിനായി കേന്ദ്രം വനഭൂമി കൈമാറിയിട്ടും ഭക്തർക്ക് ആവശ്യമായി സൗകര്യങ്ങള്‍ ഇനിയും ഒരുക്കാനുണ്ട്. തിരുപ്പതി മോഡൽ മേൽനോട്ട സമിതി ശബരിമലക്ക് മാത്രമായി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.