ആഗ്ര: വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ തട്ടിക്കൊണ്ടുപോയി മൂന്നംഗസംഘം കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയെയാണ് അയൽവാസിയും സുഹൃത്തുക്കളും ചേർന്ന് തട്ടികൊണ്ടുപോയി ബലാല്‍സംഗത്തിന് ഇരയാക്കിയത്.

ചൊവ്വാഴ്ച രാവിലെ യുവതിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പിറ്റേന്ന് വൈകുന്നേരം യുവതി വീട്ടിലെത്തിയതോടെ ബന്ധുക്കൾ പരാതി പിൻവലിച്ചു. ശേഷം വ്യാഴാഴ്ച സ്റ്റേഷനിൽ എത്തിയ യുവതി താൻ‌ പീഡനത്തിന് ഇരയായെന്ന് പരാതിപ്പെട്ടു. വീടിന് സമീപത്ത് നിന്ന് തട്ടികൊണ്ടുപോയ ശേഷം മൂന്ന് പേർ ചേർന്ന് തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

ബലാത്സംഗശ്രമം എതിർത്തതിനെ തുടർന്ന് അഗ്നിക്കിരയാക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തിയെന്ന് യുവതി പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു. യുവതിയുടെ കൈകളിലും തലയിലും പൊള്ളലേറ്റതിന്റെ പാടുകൾ കണ്ടെത്തിയതായും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ അയൽ വാസിയായ യുവാവിനെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.