തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച വിവാദങ്ങളില്‍ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് സ്റ്റിങ്ങ് ഓപ്പറേഷന്‍ നടത്തിയെന്നു സമ്മതിച്ച മംഗളം ചാനലിന്റെ ഓഫീസിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകരുടെ മാര്‍ച്ച് നടത്തി. തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ചാനല്‍ ആസ്ഥാനത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. പത്ര-ദൃശ്യ മാധ്യമങ്ങളിലെ വനിതാ മാധ്യമപ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തകരുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
മംഗളം ന്യൂസ് ചാനലിന്റെ ഹണി ട്രാപ്പ് വനിത മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം അപമാനിക്കുന്നതാണെന്നും ചാനലിനെതിരെ നടപടി എടുക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു വനിത മാധ്യമപ്രവര്‍ത്തകര്‍ ചാനല്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്. ചാനല്‍ വാര്‍ത്തക്ക് പിന്നാലെ മലപ്പുറത്ത് സി.പി.എം നേതാവ് മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചതടക്കം വനിതാ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അതിന് കാരണക്കാരായ മംഗളം ചാനലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കാകുമെന്ന് മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസ പറഞ്ഞു.
