ചാമ്പ്യന്മാരാവുന്ന ടീമിന് 262 കോടി രൂപയാണ് സമ്മാനത്തുക
മോസ്കോ: ലോകകപ്പ് നേടുകയെന്നത് ഫുട്ബോള്‍ താരങ്ങളുടെയെല്ലാം ഏറ്റവും വലിയ സ്വപ്നമാണ്. രാജ്യത്തെ അഭിമാനത്തിന്‍റെ കൊടുമുടിയില്‍ എത്തിക്കുകയെന്ന ലക്ഷ്യം നിറവേറ്റാനാണ് 32 ടീമുകളും റഷ്യയില്‍ എത്തുന്നത്. കിരീടം ലഭിക്കുന്നതിനോടൊപ്പം വമ്പന്‍ സമ്മാനത്തുകയാണ് ടീമുകളെ കാത്തിരിക്കുന്നത്. റഷ്യയിൽ ചാമ്പ്യന്മാരാവുന്ന ടീമിന് 262 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക.
രണ്ടാം സ്ഥാനക്കാർക്ക് 198 കോടിയും മൂന്നാം സ്ഥാനക്കാർക്ക് 167 കോടിയും കിട്ടും. നാലാം സ്ഥാനക്കാർക്ക് 151 കോടിയാണ് പ്രെെസ് മണി. ഇതെല്ലാം അവിടെ നില്‍ക്കട്ടെ, അഭിമാനം ഉയര്‍ത്തുന്ന താരങ്ങള്‍ക്ക് ഓരോ വര്‍ഷവും വമ്പന്‍ സമ്മാനമാണ് രാജ്യത്ത് തിരിച്ചെത്തുമ്പോള്‍ ലഭിക്കുക. ലോകകപ്പ് വീണ്ടെടുക്കാന്‍ എത്തുന്ന സ്പെയിന്‍ താരങ്ങള്‍ക്കുള്ള സമ്മാനം ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞു. റഷ്യയിലെത്തിയ താരങ്ങൾക്ക് വൻ വാഗ്ദാനമാണ് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ നൽകിയിരിക്കുന്നത്.
ലോകകപ്പ് നേടിയാൽ ഓരോ കളിക്കാരനും ആറരക്കോടി രൂപ വീതം ലഭിക്കും, കൃതമായി പറഞ്ഞാൽ ആറ് കോടി 56 ലക്ഷം രൂപ. നായകന്‍ സെർജിയോ റാമോസിനെയാണ് അസോസിയേഷൻ ഇക്കാര്യം അറിയിച്ചത്. ടീം ക്വാർട്ടർ ഫൈനലിൽ എത്തിയില്ലെങ്കിൽ മാച്ച് ഫീസല്ലാതെ ഒന്നുമുണ്ടാകില്ലെന്നുള്ള മുന്നറിയിപ്പുണ്ട്. 2010ൽ സ്പെയിൻ ലോക ചാമ്പ്യന്മാരായപ്പോൾ ഫുട്ബോൾ അസോസിയേഷൻ നാല് കോടി 77 ലക്ഷം രൂപ വീതം താരങ്ങൾക്ക് നൽകിയിരുന്നു. മഞ്ഞപ്പടയ്ക്കും വന്‍ വാഗ്ദാനമാണ് ലഭിച്ചിരിക്കുന്നത്.
പതിനാറ് വർഷമായി എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ലോകകപ്പ് സ്വന്തമാക്കിയാല്‍ ബ്രസീല്‍ ടീമിലെ ഓരോ താരത്തിനും ആറ് കോടി 36 ലക്ഷം രൂപ വീതം ലഭിക്കും. മുൻ ലോകകപ്പുകളേക്കാൾ ഉയർന്ന സമ്മാനത്തുകയാണിത്. ഇതേസമയം, നിലവിലെ ചാമ്പ്യന്മാരായ ജർമനി കിരീടം നിലനിർത്തിയാൽ ടീമിലെ ഓരോ താരത്തിനും രണ്ടുകോടി 78 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
