റഷ്യ സെല്‍ഫ് ഗോളുകളുടെ ലോകകപ്പ്

മോസ്കോ: ആദ്യ ലോകകപ്പില്‍ തന്നെ ഇംഗ്ലണ്ടിന്‍റെ നായകനായെത്തി റഷ്യയില്‍ ടോപ് സ്കോററായി വിലസുകയാണ് ഹാരി കെയ്ന്‍. ഇതുവരെ ആറു ഗോളുകളാണ് താരം പേരിലെഴുതി കഴിഞ്ഞത്. ക്വാര്‍ട്ടറിലേക്ക് മുന്നേറിയ ഇംഗ്ലണ്ടിനായി ഇനിയും ഗോള്‍ നേടാന്‍ സാധിക്കുമെന്നിരിക്കെ കന്നി ലോകകപ്പില്‍ ചരിത്രത്താളുകളില്‍ ഇടം പിടിക്കാനുള്ള സാധ്യതകളാണ് കെയ്നു മുന്നിലുള്ളത്.

ഇംഗ്ലീഷ് നായകന്‍റെ തൊട്ട് താഴെ ബെല്‍ജിയത്തിന്‍റെ റൊമേലു ലുക്കാക്കുവാണ് നാലു ഗോളുകളുമായി പട്ടികയിലുലുള്ളത്. ലോകകപ്പില്‍ നിന്ന് പുറത്തായിക്കഴിഞ്ഞ പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും നാലു ഗോളുകള്‍ പേരിലുണ്ട്. എന്നാല്‍, ഇവരേക്കാള്‍ എല്ലാം ഗോളുകളുമായി ടോപ് സ്കോറര്‍ ആയി നില്‍ക്കുന്നത് സെല്‍ഫ് ഗോളാണ്.

ഗ്രൂപ്പ് ഘട്ടവും പ്രീക്വാര്‍ട്ടറും കഴിയുമ്പോള്‍ പത്ത് ഓണ്‍ ഗോളുകളാണ് പിറന്നിരിക്കുന്നത്. മൊറോക്കോയും ഓസ്ട്രേലിയും നെെജീരിയയും പോളണ്ടും ഈജിപ്തുമെല്ലാം സെല്‍ഫ് ഗോളുകള്‍ അടിച്ച് ദുരന്തമായി മാറി. ടോപ് സ്കോറര്‍ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന കെയ്ന് പോലും സെല്‍ഫ് ഗോളിന്‍റെ ആകെ എണ്ണത്തെ പിന്നിലാക്കാന്‍ കഴിയുമോയെന്നതും സംശയമാണ്.