റോം/കൊല്‍ക്കത്ത: അഗതികളുടെ അമ്മ മദര്‍ തെരേസ വിശുദ്ധ പദവിയിലേക്കുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 2.30ഓടെയാണ് വത്തിക്കാനിലെ ചടങ്ങുകള്‍ തുടങ്ങുന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌‌സ് ബസിലിക്കയിലാണ് ചടങ്ങുകള്‍ നടക്കുന്നത്. വത്തിക്കാനില്‍ നടക്കുന്ന ചടങ്ങുകള്‍ ഇന്നു രാവിലെ മുതല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ തല്‍സമയം കാണാനാകും. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സഭയുടേയും കേന്ദ്രസര്‍ക്കാരിന്റേയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടേയും പ്രതിനിധികള്‍ വത്തിക്കാനിലെത്തിയിട്ടുണ്ട്. നിരവധി മലയാളികളും അമ്മയുടെ വിശുദ്ധപദവി ചടങ്ങ് വീക്ഷിക്കാന്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്യുകയും, പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുകകയും ചെയ്തിരുന്നു. കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കും ജലമന്ത്രി മാത്യൂ ടി തോമസും നേരത്തെ തന്നെ വത്തിക്കാനില്‍ എത്തിയിട്ടുണ്ട്.

കൊല്‍ക്കത്തയിലും പ്രാര്‍ത്ഥനകള്‍

കൊല്‍കത്തയിലെ മദറിന്റെ ഖബറിടത്തിലേക്ക് സന്ദര്‍ശനപ്രവാഹമാണ് ഇപ്പോള്‍. മദര്‍ ഉപയോഗിച്ച വസ്തുകള്‍ സൂക്ഷിച്ച മ്യൂസിയം മദര്‍ ഹൗസില്‍ പൊതു ജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. കൊല്‍കത്തയിലെ മിഷിനറീസ് ഓഫ് ചാരിറ്റീസ് കേന്ദ്രങ്ങളിലെല്ലാം ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. മദറിനെ വിശുദ്ധയാക്കുന്ന വത്തിക്കാനിലെ ചടങ്ങുകള്‍ നേരിട്ടുകാണാനാകില്ലെങ്കിലും തത്സമയം കാണാനുള്ള വീഡിയോ സൗകര്യം കൊല്‍ക്കത്തയിലെ മിഷിനറീസ് ഓഫ് ചാരിറ്റീസ് കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.