ദില്ലി: സാമ്പത്തിരംഗത്തെ പ്രതിസന്ധിയെ ചൊല്ലി ബിജെപിക്കുള്ളിലെ ഭിന്നത പരസ്യ ഏറ്റുമുട്ടലിലേക്ക് വഴിമാറി. പാര്‍ട്ടിക്കുള്ളില്‍ ഭയം കാരണം അടക്കിവച്ചിരിക്കുന്ന അഭിപ്രായമാണ് താന്‍ പറഞ്ഞതെന്ന് മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ വ്യക്തമാക്കി. യശ്വന്ത് സിന്‍ഹയെ എണ്‍പതുകാരനായ തൊഴിലന്വേഷകനെന്ന് വിശേഷിപ്പിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തിരിച്ചടിച്ചു.

സാമ്പത്തിക പ്രതിസന്ധിയില്‍ നരേന്ദ്ര മോദിയേയും അരുണ്‍ ജയ്റ്റ്‌ലിയേയും രൂക്ഷമായി വിമര്‍ശിച്ച മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയ്ക്ക് പരസ്യമായ മറുപടി നല്‍കികൊണ്ടാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്തു വന്നത്. എണ്‍പതുകാരനായ തൊഴിലന്വേഷകന്‍ എന്ന് സിന്‍ഹയെ ജയ്റ്റ്‌ലി പരിഹസിച്ചു. 

പി ചിദംബരവും യശ്വന്ത് സിന്‍ഹയും തമ്മില്‍ മുമ്പുണ്ടായ വാക്‌പോര് ചൂണ്ടിക്കാട്ടിയ ജയ്റ്റ്‌ലി ഇപ്പോള്‍ ഇവര്‍ക്കിടയില്‍ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് പറഞ്ഞു. പഴയ പരാജയം സിന്‍ഹ മറന്നു പോയെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി. പാര്‍ട്ടി എംപിയായ ശത്രുഘന്‍ സിന്‍ഹ യശ്വന്ത് സിന്‍ഹയെ പിന്തുണച്ച് രംഗത്ത് വന്നു. 

ബിജെപിയില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നും പലരും അടക്കി വച്ചിരിക്കുന്ന അഭിപ്രായമാണ് പറഞ്ഞതെന്നും യശ്വന്ത് സിന്‍ഹ മാധ്യമങ്ങളോട് പറഞ്ഞു. സിന്‍ഹയ്ക്ക് ജയ്റ്റ്‌ലി പര്യസമായി തന്നെ മറുപടി നല്‍കിയത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് വിവരം. നരേന്ദ്ര മോദിക്കെതിരെ മുതിര്‍ന്ന നേതാക്കള്‍ വീണ്ടും സംഘം ചേരുന്നത് തുടക്കം മുതല്‍ക്കേ പ്രതിരോധിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനമെന്നാണ് ജയ്റ്റിലിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്.