1995 ഓഗസ്റ്റ് 10

പളളിവാസല്‍, പന്നിയാര്‍, ചെങ്കുളം ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിന് വൈദ്യുതിബോര്‍ഡ് കാനഡയിലെ എസ്.എന്‍.വി ലാവലിനുമായി ധാരണാപത്രം ഒപ്പിടുന്നു.

 

1996 ഫെബ്രുവരി

പദ്ധതിയുടെ നിര്‍മ്മാണ മേല്‍നോട്ടത്തിനും സാങ്കേതിക സഹായത്തിനുമായി ധനസഹായം ലഭ്യമാക്കാന്‍ ലാവലിനുമായി കെ.എസ്.ഇ.ബി കരാര്‍ ഒപ്പിട്ടു. കണ്‍സള്‍ട്ടന്‍സി ഫീസ് 20.31 കോടി രൂപ.

 

1996 ഒക്ടോബര്‍

വൈദ്യുതി മന്ത്രി പിണറായി വിജയന്‍ കാനഡയിലെത്തി കമ്പനിയുമായി ചര്‍ച്ച നടത്തുന്നു. മലബാര്‍ കാന്‍സര്‍ സെന്‍ററിനുകൂടി സഹായം ആവശ്യപ്പെട്ടു. 20.31 കോടിയുടെ കണ്‍സള്‍ട്ടന്‍സി ഫീസിനു പുറമെ 149.15 കോടിയുടെ ഉപകരണങ്ങള്‍ വാങ്ങാനുളള കരാര്‍ കൂടി ചേര്‍ത്ത് അടുത്തകൊല്ലം അന്തിമകരാറുണ്ടാക്കാന്‍ തീരുമാനം.

 

1997 ഫെബ്രുവരി 02

വൈദ്യുതി മേഖലയിലെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കാന്‍ രൂപീകരിച്ച ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. പളളിവാസല്‍, ചെങ്കുളം പദ്ധതികള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ മതിയെന്നും കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഭെല്ലിനെ പരിഗണിക്കാനും കമ്മിറ്റി നിര്‍ദ്ദേശം.

 

1997 ഫെബ്രുവരി 10

ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തളളിക്കൊണ്ട് ലാവലിനുമായി അന്തിമ കരാര്‍ ഒപ്പുവയ്ക്കുന്നു. പദ്ധതി നവീകരണത്തിന് ഉപകരണങ്ങള്‍ വാങ്ങാനുള്ള ചുമതലകൂടി ലാവലിന് നല്‍കി കരാര്‍ തുക 153.6 കോടിയായി പുതുക്കി നിശ്ചയിക്കുന്നു.  

 

1998 മാര്‍ച്ച്

മന്ത്രിസഭായോഗം കരാര്‍ അംഗീകരിച്ചു. മലബാര്‍ കാന്‍സര്‍ സെന്‍ററിന് 98.30 കോടി രൂപ ലാവലിന്‍ നല്‍കുമെന്ന് കരാര്‍. എന്നാല്‍ കാന്‍സര്‍ സെന്‍ററിന് ലഭിച്ചത് 8.98 കോടി മാത്രം.

 

2002 ജനുവരി 11

ലാവലിന് കരാര്‍ നല്‍കിയതിനെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് നിയമസഭ സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട്.

 

2003 മാര്‍ച്ച്

ലാവലിന്‍ കരാറില്‍ അഴിമതി നടന്നുവെന്ന സംശയത്താല്‍ എ.കെ.ആന്‍റണി സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു.

 

2005 ജൂലൈ 13

ആഗോള ടെന്‍ഡര്‍ വിളിക്കാതെ ലാവലിനുമായി കരാറൊപ്പിട്ടതില്‍ കാണിച്ച അനാവശ്യ തിടുക്കവും ഒത്തുകളിയും മൂലം സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായതായി സി.എ.ജി റിപ്പോര്‍ട്ട്.

 

2006 ജനുവരി 20

ടെന്‍ഡര്‍ വിളിക്കാതെ നല്‍കിയ ലാവലിന്‍ കരാറില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍.  

 

2006 ഫെബ്രുവരി 13

ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരടക്കം 80-പേരെ പ്രതിചേര്‍ക്കാന്‍ വിജിലന്‍സ് ശുപാര്‍ശ.

 

2006 മാര്‍ച്ച് 02

ലാവലിന് കേസ് സി.ബി.ഐക്കു വിട്ടു. സര്‍ക്കാരുമായി ആലോചിക്കാതെ എഫ്.ഐ.ആര്‍ നല്‍കിയ വിജിലന്‍സ് ഡയറക്ടര്‍ ഉപേന്ദ്രവര്‍മ്മയെ മാറ്റി.

 

2006 ജൂലൈ 14

ലാവലിന്‍ കേസില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് സി.ബി.ഐ.

 

2006 ഒക്ടോബര്‍ 27

കേസന്വേഷണം സി.ബി.ഐ ഏറ്റെടുക്കാത്തതിനെതിരെ ഹൈക്കോടതിയില്‍ സി.ബി.ഐക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി.

 

2007 ജനുവരി 16

കേസന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.

 

2007 മാര്‍ച്ച് 13

സി.ബി.ഐ അന്വേഷണം തുടങ്ങി. ബോര്‍ഡ് ആസ്ഥാനത്തെത്തി ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു.

 

2007 മേയ് 16

വ്യവസായ മന്ത്രി എളമരം കരീമിന്‍റെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി എന്‍.ശശിധരന്‍ നായരുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്.  

 

2007 മേയ് 27

സി.പി.എം. കേന്ദ്രക്കമ്മിറ്റിയംഗം ഇ.ബാലാനന്ദനെ സി.ബി.ഐ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു.

 

2007 ജൂണ്‍ 29

പദ്ധതിനവീകരണ കാലയളവില്‍ വൈദ്യുതി വകുപ്പില്‍ ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥരെ സി.ബി.ഐ ചോദ്യം ചെയ്തു.

 

2007 സെപ്തംബര്‍ 15

വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ ആര്‍.ശിവദാസനെ സി.ബി.ഐ ചോദ്യം ചെയ്തു.

 

2007 ഒക്ടോബര്‍ 11

ആര്യാടന്‍ മുഹമ്മദിനേയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും ചോദ്യം ചെയ്തു.

 

2007 ഒക്ടോബര്‍ 18

സെക്രട്ടേറിയേറ്റിലെ ഊര്‍ജ്ജ വകുപ്പില്‍ നിന്ന് ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട 13 ഫയലുകള്‍ കണ്ടെടുത്തു.

 

2007 ഡിസംബര്‍ 05

മന്ത്രി എസ്.ശര്‍മയെ സി.ബി.ഐ ചോദ്യം ചെയ്തു.

 

2007 ഡിസംബര്‍ 18

വൈദ്യുതിമന്ത്രിയായിരിക്കെ ഉണ്ടാക്കിയ ലാവലിന്‍ ഇടപാടു സംബന്ധിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ചെന്നൈയില്‍ വിളിച്ചുവരുത്തി സി.ബി.ഐ രഹസ്യ തെളിവെടുപ്പ് നടത്തി.  

 

2008 ഫെബ്രുവരി 22

ലാവലിന്‍ ഇടപാടില്‍ വന്‍ ക്രമക്കേട് നടന്നാതായി സി.ബി.ഐ കണ്ടെത്തി.

 

2008 മാര്‍ച്ച് 17

ലാവലിന്‍ ഇടപാടിലെ ക്രമക്കേടുമൂലം വൈദ്യുതി ബോര്‍ഡിന് കോടികളുടെ നഷ്ടം സംഭവിച്ചുവെന്ന ഇടക്കാല അന്വേഷണ റിപ്പോര്‍‍ട്ട് സി.ബി.ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

 

2008 മേയ് 12

കേസില്‍ മുന്‍ വൈദ്യുതിമന്ത്രി ജി.കാര്‍ത്തികേയനില്‍ നിന്ന് സി.ബി.ഐ മൊഴിയെടുത്തു.  

 

2008 സെപ്തംബര്‍ 16

അന്വേഷണം പൂര്‍ത്തിയാക്കാന്‍ 6 മാസം കൂടി ആവശ്യപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

 

2008 സെപ്തംബര്‍ 18

സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ ഹൈക്കോടതി കടുത്ത അതൃപ്തി അറിയിച്ചു.

 

2008 സെപ്തംബര്‍ 22

കേസന്വേഷണ ഡയറി സി.ബി.ഐ ഹൈക്കോടതിക്കു കൈമാറി.

 

2009 ജനുവരി 21

അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സി.ബി.ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പ്രോസിക്യൂഷന്‍ നടപടിക്കായി സി.ബി.ഐ ഗവര്‍ണറുടെ അനുമതി തേടി. മുന്‍ മന്ത്രിയെ പ്രതിചേര്‍ക്കാനാണ് അനുമതി തേടിയത്.

 

2009 ഫെബ്രുവരി 12

പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നു പ്രതികളെ പ്രോസിക്യൂട്ടു ചെയ്യാന്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ 3 മാസത്തിനകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം.

 

2009 മേയ് 06

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന് ഗവര്‍ണറെ അറിയിക്കാന്‍ മന്ത്രിസഭാ തീരുമാനം.

 

2009 മേയ് 20

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്ന വിഷയത്തില്‍ ഗവര്‍ണര്‍ എസ്.എസ്.ഗവായ് സി.ബി.ഐയോട് വിശദീകരണം തേടി.

 

2009 ജൂണ്‍ 07

മന്ത്രിസഭയുടെ നിര്‍ദ്ദേശം തളളി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി.  

 

2009 ജൂണ്‍ 08

പിണരായി വിജയനെതിരായ ലാവലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് അവൈലബിള്‍ പി.ബി.യോഗം.

 

2009 ജൂണ്‍ 10

ഗവര്‍ണറുടെ തീരുമാനം അത്ഭുതമായി കാണുന്നില്ലെന്നും ഗവര്‍ണര്‍ പാലിച്ചത് കീഴ്വഴക്കമെന്നുമുളള വി.എസ്.അച്യുതാനന്ദന്‍റെ പ്രസ്താവന വിവാദമായി.

 

2009 ജൂണ്‍ 11

പിണറായി വിജയന്‍ ഉള്‍പ്പെടെ 9 പേരെ പ്രതിചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. പിണറായിക്കെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തുന്നു.

 

2009 ജൂണ്‍ 12

ഗവര്‍ണറുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം.

 

2009 ജൂണ്‍ 23

കേസില്‍ സി.ബി.ഐ പ്രതിചേര്‍ക്കാത്ത മുന്‍ വൈദ്യുതി മന്ത്രി ജി.കാര്‍ത്തികേയന്‍, വൈദ്യുതിബോര്‍ഡ് മുന്‍ അംഗം ആര്‍.ഗോപാലകൃഷ്ണന്‍ എന്നിവരുടെ പങ്ക് അന്വേഷിക്കാന്‍ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി കെ.പി.ജ്യോതീന്ദ്രനാഥിന്‍റെ ഉത്തരവ്.

 

2011 ഡിസംബര്‍

സി.ബി.ഐയുടെ പുതിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പിണറായി വിജയനും ജി.കാര്‍ത്തികേയനും സാമ്പത്തികനേട്ടമുണ്ടാക്കിയിട്ടില്ലെന്ന് പരാമര്‍ശം.

 

2013 ജൂണ്‍ 18

ലാവലിന്‍ കേസിലെ കുറ്റപത്രം രണ്ടായി വിഭജിച്ച് വിചാരണ ചെയ്യാന്‍ ഹൈക്കോടതി ഉത്തരിവിട്ടു. 2009-ല്‍ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം വിഭജിച്ച് പിണറായി വിജയന്‍ ഉള്‍പ്പെടെ ഇന്ത്യയിലുള്ള ഏഴു പ്രതികളെ ഉള്‍പ്പെടുത്തി ഒരു കുറ്റപത്രവും ഇതുവരെ വിചാരണയ്ക്ക് ഹാജരാകാത്ത വിദേശത്തുള്ള ആറും ഒമ്പതും പ്രതികളായ എസ്.എന്‍.സി ലാവലിന്‍ കമ്പനി, കമ്പനി വൈസ് പ്രസിഡന്‍റായിരുന്ന ക്ലോസ് ട്രെന്‍ഡല്‍ എന്നിവരെ ഉള്‍പ്പെടുത്തി മറ്റൊരു കുറ്റപത്രവും തയ്യാറാക്കി വെവ്വേറെ വിചാരണ നടത്താനാണ് ഹൈക്കോടതി ഉത്തരവ്.

 

2013 ജൂലൈ 17

ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ലാവലിന്‍ കേസ് വിഭജിച്ചു വിചാരണ ചെയ്യണമെന്ന പിണറായി വിജയന്‍റെ ആവശ്യം പ്രത്യേക സി.ബി.ഐ കോടതി അംഗീകരിച്ചു.

 

2013 നവംബര്‍ 05

ലാവലിന്‍ കേസില്‍ പിണറായി വിജയനടക്കം 7 പേരെ സി.ബി.ഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി.

 

2013 നവംബര്‍ 25

പ്രതിപ്പട്ടികയില്‍ നിന്ന് പിണറായി വിജയനേയും മറ്റും ഒഴിവാക്കിയ കോടതി വിധി റദ്ദാക്കാന്‍ ക്രൈം എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

 

2013 നവംബര്‍ 26

പിണറായി വിജയനെ ഒഴിവാക്കിയതിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി കെ.ഹരിലാല്‍ പിന്മാറി.

 

2014 ജനുവരി 23

പിണറായി വിജയനെ ഒഴിവാക്കിയതിനെതിരേ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് തോമസ് പി ജോസഫ് പിന്മാറി.

 

2014 ജനുവരി 29

ലാവലിന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.എല്‍. ജോസഫ് ഫ്രാന്‍സിസ്  പിന്മാറി. കേസില്‍ നിന്ന് സ്വയം ഒഴിവാകുന്ന മൂന്നാമത്തെ ജഡ്ജിയാണ് ജോസഫ് ഫ്രാന്‍സിസ്.

 

2014 ജനുവരി 31

പിണറായി വിജയനുള്‍പ്പെടെ ഏഴുപേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ സി.ബി.ഐ  ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി.

 

2014 ഫെബ്രുവരി 03

സിബിഐ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന്‌ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌ എന്‍.കെ.ബാലകൃഷ്ണന്‍ പിന്‍മാറി. കേസ് പരിഗണിക്കുന്നതില്‍ നിന്ന്‌ പിന്‍മാറുന്ന നാലാമത്‌ ഹൈക്കോടതി ജഡ്ജിയാണ്‌ ജസ്റ്റിസ്‌ ബാലകൃഷ്ണന്‍.

 

2014 ഫെബ്രുവരി 04

ലാവലിന്‍ കേസ് പരിഗണിക്കുന്നതിന് ഹൈക്കോടതിയില്‍ ജസ്റ്റിസ് കെ.രാമകൃഷ്ണനെ പുതിയ ജഡ്ജിയായി നിയമിച്ചു.

 

2014 ഫെബ്രുവരി 07

ലാവലിന്‍ കരാര്‍ നഷ്ടമുണ്ടാക്കിയില്ലെന്ന ഈര്‍ജ്ജ വകുപ്പിന്‍റെ വിവാദ നിലപാട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തിരുത്തി.

 

2014 ഫെബ്രുവരി 11

പിണറായി ഉള്‍പ്പെടെ 7 പേരേ വിട്ടയച്ച സി.ബി.ഐ കോടതി ഉത്തരവിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി പ്രതികള്‍ക്കു നോട്ടീസ് നല്‍കി.

 

2014 ഫെബ്രുവരി 20

ലാലവിന്‍ കേസില്‍ സി.ബി.ഐയുടെ റിവിഷന്‍ ഹര്‍ജിയില്‍ സര്‍ക്കാരിനെ കക്ഷിചേര്‍ക്കുന്നത് സി.ബി.ഐ അഭിഭാഷകന്‍ എതിര്‍ത്തു.

 

2016 ജൂണ്‍ 07

ലാവലിന്‍ കേസില്‍ വാദം കേള്‍ക്കുന്നതിന് രണ്ട് മാസത്തെ സാവകാശം വേണമെന്ന് സി.ബി.ഐ. കേസ് പഠിക്കാന്‍ സാവകാശം വേണമെന്നായിരുന്നു ആവശ്യം.

2016 ജൂണ്‍ 08

ലാവലിന്‍ കേസില്‍ കക്ഷചേര്‍ക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തികള്‍ സമര്‍പ്പിച്ച മുഴുവന്‍ റിവിഷന്‍ ഹര്‍ജികളും ഹൈക്കോടതി തളളി.

 

2016 സെപ്തംബര്‍ 23

സിബിഐ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നവംബര്‍ 9-ലേക്കു മാറ്റി.

 

2017 ഫെബ്രുവരി 04

സിബിഐ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നതു ഹൈക്കോടതി ഫെബ്രുവരി 13-ലേക്ക് മാറ്റി.

 

2017 ഫെബ്രുവരി 13

പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നതു ഹൈക്കോടതി ഫെബ്രുവരി 16-ലേക്ക് മാറ്റി.

 

2017 ഫെബ്രുവരി 16

പുനഃപരിശോധന ഹര്‍ജി പരിഗണിക്കുന്നതു ഹൈക്കോടതി മാര്‍ച്ച് 9-ലേക്ക് മാറ്റി.

 

2017 മാര്‍ച്ച് 09

പുനഃപരിശോധന ഹര്‍ജി സംബന്ധിച്ച വാദത്തിനിടെ ലാവലിന്‍ കമ്പനിയല്ലാതെ മറ്റേതെങ്കിലും പ്രതികള്‍ ഇടപാടില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ടോയെന്ന് ഹൈക്കോടതിയുടെ ചോദ്യം.

 

2017 മാര്‍ച്ച് 15

സി.ബി.ഐയുടെ ആരോപണം തെളിവില്ലാത്തതെന്ന് ഹൈക്കോടതിയില്‍ പിണറായി വിജയന്‍റെ വിശദീകരണം.

 

2017 മാര്‍ച്ച് 17

പിണറായി വിജയനുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരായി. ലാവലിന്‍ അഴിമതി കെട്ടുകഥയെന്ന് അദ്ദേഹം കോടതിയില്‍ വാദിച്ചു. ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് 27-ലേക്കു മാറ്റി.

 

2017 മാര്‍ച്ച് 27

പ്രതിസ്ഥാനത്തുളളവര്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍.

 

2017 ആഗസ്റ്റ് 23

പിണറായിയെ കുറ്റവിമുക്തമാക്കിയ വിധി ഹൈക്കോടതി ശരിവച്ചു