ദില്ലി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയ്ക്കെതിരെ 13 കോടി രൂപയുടെ സാന്പത്തിക തട്ടിപ്പ് സംബന്ധിച്ച പരാതി കിട്ടിയെന്ന‌ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. 

വിഷയത്തിൽ തുടർ നടപടി ആവശ്യമെങ്കിൽ സ്വീകരിക്കും. വഴിവിട്ട നടപടികൾക്ക് പാർട്ടിയെ ഉപയോഗിക്കാൻ നേതാക്കൾക്കോ മക്കൾക്കോ അനുമതിയില്ലെന്നും യെച്ചൂരി മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു. 

നേതാക്കളുടെയും പങ്കാളികളുടൊയും സ്വത്താണ് പാർട്ടി സാധാരണ പരിശോധിക്കാറുള്ളത്. അന്വേഷണത്തോട് പാർട്ടിക്ക് എതിർപ്പില്ല. അന്വേഷണം നടക്കേണ്ടത് വിദേശത്താണെന്നും യെച്ചൂരി പറഞ്ഞു. 

ബിനോയ് കൊടിയേരിക്കെതിരെയുള്ള തട്ടിപ്പ് കേസിൽ പാര്‍ടിക്കുള്ളിൽ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് സംസ്ഥാന ഘടകം സ്വീകരിച്ചിരുന്നത്. ഇത് ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ബിനോയ് കോടിയേരി വായ്പയെടുത്ത ശേഷം പണം തിരിച്ചടക്കാതെ മുങ്ങി എന്ന പരാതിയിൽ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് കേന്ദ്ര നേതൃത്വം തേടിയിരുന്നു.

ഇത് പാര്‍ടി അന്വേഷിക്കേണ്ട വിഷയമല്ലെന്നും കോടിയേരി ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്നുമാണ് സംസ്ഥാനത്ത് നടന്ന നേതൃയോഗം വിലയിരുത്തിയത്. മാത്രമല്ല പ്രശ്നം മകൻ തന്നെ പരിഹരിക്കുമെന്നും കോടിയേരി പാര്‍ടി നേതാക്കളെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങൾ തന്നെയാണ് പാര്‍ടി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെയും അറിയിച്ചിരുന്നത്. 13 കോടി രൂപ ബിനോയ് തിരിച്ചടക്കാനുണ്ട് എന്ന പരാതിയാണ് ദുബായ് കമ്പനിയിൽ നിന്ന് പാര്‍ടി നേതൃത്വത്തിന് കിട്ടിയത്.