Asianet News MalayalamAsianet News Malayalam

ബിജെപിക്ക് ക്ഷണം: യെദ്യൂരപ്പ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

  • ഇതിനിടെ കോണ്‍ഗ്രസ് എംഎല്‍എമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
Yeddyurappa will be sworn in tomorrow
Author
First Published May 16, 2018, 10:08 PM IST

ബെംഗളൂരു:  ബി.ജെ.പി രചിച്ച തിരക്കഥ പോലെയായിരുന്നു സത്യപ്രതിജ്ഞക്കുള്ള ബി.എസ്.യെദ്യൂരപ്പക്കുള്ള ക്ഷണവും അതിന് മുമ്പും ശേഷവുമുള്ള സംഭവ വികാസങ്ങളും. ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ പോലും യെദ്യുരപ്പയുടെ സത്യപ്രതിജ്ഞ രാഷ്ട്രീയമായി നേട്ടമുണ്ടാക്കും എന്ന വിലയിരുത്തലിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം.

കര്‍ണാടകത്തില്‍ ബി.എസ്. യെദ്യുരപ്പയുടെ സത്യപ്രതിജ്ഞ തീരുമാനിച്ചത് ബി.ജെ.പിയാണോ ഗവര്‍ണറാണോ എന്ന സംശയം ജനിപ്പിക്കുന്ന നാടകീയ സംഭവ വികാസങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. മന്ത്രിസഭ രൂപീകരണത്തിനുള്ള അപേക്ഷ ആദ്യം ബി.എസ്. യെദ്യുരപ്പയില്‍ നിന്നുതന്നെ വാങ്ങുമെന്ന് ഗവര്‍ണര്‍ ഉറപ്പുവരുത്തി. നിയമസഭ കക്ഷി നേതാവായതിന് ശേഷവും കുമാരസ്വാമിക്ക് മുമ്പ് യെദ്യുരപ്പക്ക് കാണാന്‍ അവസരം നല്‍കി. രാത്രി എട്ടുമണിയോടെ രണ്ട് ബി.ജെ.പി എം.എല്‍.എമാരാണ് സത്യപ്രതിജ്ഞക്കുള്ള തീരുമാനം പ്രഖ്യാപിച്ചത്. 

ഗവര്‍ണറുടെ ഔദ്യോഗിക തീരുമാനം വരാന്‍ വൈകിയപ്പോള്‍ ഈ ട്വീറ്റുകള്‍ ബി.ജെ.പി പിന്‍വലിച്ചെങ്കിലും രാത്രി ഒമ്പതരക്ക് ഗവര്‍ണറുടെ ഔദ്യോഗിക തീരുമാനം വരും എന്നറിഞ്ഞ് ഇതേ സമയം സംസ്ഥാനത്തും കേന്ദ്രത്തിലും പാര്‍ട്ടിയുടെ വാര്‍ത്ത സമ്മേളനങ്ങള്‍ നടന്നു. അതായത് ഗവര്‍ണര്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രത്യക്ഷമായി തന്നെ സൂചന നല്‍കിക്കൊണ്ടാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഒരു സംസ്ഥാനത്തെ ഏറെ ദിവസം രാഷ്ട്രീയ ആശയകുഴപ്പത്തിലേക്ക് തള്ളിവിടാന്‍ പാടില്ല എന്നതാണ് കോടതി വിധികളെങ്കിലും 15 ദിവസത്തെ സമയം കൂടി നല്‍കിക്കൊണ്ട് കുതിരകച്ചവടത്തിനും രാജ്ഭവന്‍ വഴിയൊരുക്കുകയാണ്. 

തെരഞ്ഞെടുപ്പ് ഫലം മാറിമറിഞ്ഞ ഉടന്‍ കുമാരസ്വാമിയുമായി ബന്ധപ്പെടാന്‍ ബി.ജെ.പി നേതൃത്വം ആദ്യം ആലോചിച്ചിരുന്നു. എന്നാല്‍ യെദ്യുരപ്പയുടെ കൂടി നിലപാട് അറിഞ്ഞ ശേഷമാണ് ഭൂരിപക്ഷം ഇല്ലെങ്കിലും മന്ത്രിസഭ രൂപീകരിക്കുക എന്ന തീരുമാനം ബി.ജെ.പി കൈക്കൊണ്ടത്. 2008-ലെന്ന പോലെ എം.എല്‍.എമാരെ രാജിവെപ്പിക്കുകയോ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുക എന്നതാണ് ബി.ജെ.പി ആലോചിച്ച തന്ത്രം. 

എന്നാല്‍ ആദ്യ ദിവസത്തെ പ്രതികരണം ഒട്ടും ആശാവഹമല്ലെന്ന് ബി.ജെ.പി തന്നെ സമ്മതിക്കുന്നുണ്ട്. ഭൂരിപക്ഷമില്ലാതെ ഒടുവില്‍ ബി.ജെ.പിക്ക് രാജിവെക്കേണ്ടിവന്നാലും രാഷ്ട്രീയ നേട്ടം ബി.ജെ.പിക്കാണെന്നാണ് പാര്‍ടിയുടെ വിലയിരുത്തല്‍. ലിംഗായത്ത് വോട്ടുബാങ്കിനെ ശക്തമായി ഒപ്പം നിര്‍ത്താനും കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകളെല്ലാം ജെ.ഡി.എസില്‍ നിന്ന് അടര്‍ത്തി മാറ്റാനും അധാര്‍മ്മികമെന്ന ആരോപണം ഉയര്‍ന്നാലും ഈ നീക്കത്തിലൂടെ കഴിയുമെന്ന് ബി.ജെപി പ്രതീക്ഷിക്കുന്നു.

ഇതിനിടെ കോണ്‍ഗ്രസ് എംഎല്‍എമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കോണ്‍ഗ്രസ് ചീഫ് ജസ്റ്റിസിനെ കാണാന്‍ തൂരുമാനിച്ചു.
 

Follow Us:
Download App:
  • android
  • ios