സന: യെമനില്‍ ഐക്യരാഷ്‌ട്രസഭ മുന്നോട്ട് വച്ച വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. വെടിനിര്‍ത്തലിന് തൊട്ടുമുന്‍പ് ഹൂതി വിമതരും സര്‍ക്കാര്‍ അനുകൂലികളും തമ്മില്‍ കനത്ത പോരാട്ടം. ആക്രമണങ്ങളില്‍ ഇരുപത് പേര്‍ മരിച്ചു. അര്‍ദ്ധരാത്രി മുതലാണ് യുഎന്‍ മുന്നോട്ട്‍വച്ച വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. അതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് തലസ്ഥാനമായ സനയുടെ വടക്കന്‍ ഭാഗങ്ങളില്‍ പോരാട്ടം തുടങ്ങിയത്.
ബദായ പ്രവിശ്യയിലെ അല്‍ സവാദിയ അല്‍ സാഹര്‍ എന്നിവിടങ്ങളിലേക്കുംപോരാട്ടം വ്യാപിച്ചു. ഇവിടെയാണ് 20 പേര്‍ കൊല്ലപ്പെട്ടത്. തെക്ക് പടിഞ്ഞാറന്‍ നഗരമായ തൈസില്‍ പോരാട്ടം തുടരുന്നതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 23 ന് ഐക്യരാഷ്‌ട്രസഭ പ്രത്യേക ദൂതന്‍ ഇസ്മായില്‍ ഔദ് ഷെയ്‌ക്ക് അഹമ്മദാണ് ഏപ്രില്‍ 10 ന് അര്‍ദ്ധരാത്രി മുതല്‍ വെടിനിര്‍ത്തലിന് വിവിധ വിഭാഗങ്ങള്‍ സമ്മതിച്ചതായി പ്രഖ്യാപിച്ചത്. വെടിനിര്‍ത്തലിനെ അംഗീകരിക്കുമെന്ന് സര്‍ക്കാരിന് അനുകൂലമായി ഹൗതി വിമതര്‍ക്കെതിരെ ആക്രമണം നടത്തുന്ന സൗദി സഖ്യസേനയും അറിയിച്ചു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 26 മുതല്‍ ഇത് നാലാം തവണയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെടുന്നത്. മറ്റ് മൂന്ന് തവണയും ഇത് പരാജയപ്പെട്ടു. എന്നാല്‍ ഇത്തവണ ഏപ്രില്‍ 18ന് കുവൈറ്റില്‍ സമാധാന സമ്മേളനവും വിളിച്ചിട്ടുണ്ട്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ ശ്രമവും പരാജയപ്പെടുമോയെന്ന ഭീതി നിലനില്‍ക്കുന്നുണ്ട്.6200 പേരാണ് യെമന്‍ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.
18 മാസമായി രാജ്യതലസ്ഥാനം ഷിയാ വിമത വിഭാഗമായ ഹൗതികളുടെ നിയന്ത്രണത്തിലാണ് . സുന്നി പിന്തുണയുള്ള അബ്ദ് റബ്ബ് മന്‍സൂര്‍ ഹൗദിയെ പുറത്താക്കിയാണ് അവര്‍ നിയന്ത്രണം സ്വന്തമാക്കിയത്. ഹൗദികളെ പുറത്താക്കാന്‍ ഒരു വര്‍ഷമായി സൗദി സഖ്യ സേനയും ആക്രമണം നടത്തുകയാണ്. സുന്നികള്‍ക്ക് സൗദിയും ഷിയാ വിമതരായ ഹൗതികള്‍ക്ക് ഇറാനുമാണ് സഹായം നല്‍കുന്നത്.
