ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഭരണത്തിലിരിക്കുമ്പോള്‍ ഇറ്റലിയില്‍ നിന്നുള്ള ഏജന്‍റുമാരെത്തി മതം മാറ്റുന്നത് പോലെയുള്ള ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ആദിത്യനാഥ് ആരോപിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗ ആദിത്യനാഥ്. ഇറ്റലി കാ സൗദാഗര്‍ (ഇറ്റലിയുടെ വ്യാപാരി) എന്നാണ് ആദിത്യനാഥ്, രാഹുലിനെ വിശേഷിപ്പിച്ചത്.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ഭരണത്തിലിരിക്കുമ്പോള്‍ ഇറ്റലിയില്‍ നിന്നുള്ള ഏജന്‍റുമാരെത്തി മതം മാറ്റുന്നത് പോലെയുള്ള ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ആദിത്യനാഥ് ആരോപിച്ചു. ദര്‍ഗ് ജില്ലയില്‍ നടത്തിയ ബിജെപി റാലിയിലാണ് ഉത്തര്‍പ്രദേശ് മുഖ്യന്‍റെ വിവാദ പരാമര്‍ശങ്ങള്‍.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ തടസമാകുന്നത് കോണ്‍ഗ്രസാണ് ആണെന്നും അദ്ദേഹം വാദമുന്നയിച്ചു. കോണ്‍ഗ്രസ് ഉള്ളടത്തോളം കാലം ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കപ്പെടുകയില്ല. രാഹുലിന്‍റെ ക്ഷേത്രദര്‍ശനമൊക്കെ കപടനാടകമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മരണത്തിന്‍റെ വ്യാപാരി എന്ന് സോണിയ ഗാന്ധി വിളിച്ചിരുന്നു. ഗുജറാത്ത് കലാപത്തിലെ മരണങ്ങളെ വിമര്‍ശിക്കുകയായിരുന്നു യുപിഎ അധ്യക്ഷ. ഈ പ്രസ്താവനയ്ക്ക് തിരിച്ചടിയെന്നോണമാണ് ഇപ്പോള്‍ രാഹുലിനെതിരെ ആദിത്യനാഥിന്‍റെ ഇറ്റലി ചേര്‍ത്തുള്ള പരാമര്‍ശങ്ങള്‍.