ലക്നൗ: ജോലിക്കിടയില്‍ വെറ്റില മുറുക്കിയതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഡ്രൈവര്‍ക്ക് പിഴ ശിക്ഷ. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റയുടന്‍ സര്‍ക്കാര്‍ ഓഫീസുകളിലെ വെറ്റില മുറുക്കും, പാന്‍, ഗുഡ്ക തുടങ്ങിയവയുടെ ഉപയോഗവും നിരോധിച്ചിരുന്നു. ഓഫീസുകള്‍ വൃത്തിയാക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് ഇന്ന് മുഖ്യമന്ത്രിയുടെ ഡ്രൈവര്‍ക്ക് തന്നെ ശിക്ഷ ലഭിച്ചത്. തുടര്‍ന്ന് 500 രൂപ ഡ്രൈവര്‍ പിഴയടച്ചു. സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരെക്കൊണ്ട് ഓഫീസുകളില്‍ ശുചിത്വം ഉറപ്പുവരുത്താനുള്ള പ്രതിജ്ഞയും യോഗി ആദിത്യനാഥ് എടുപ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ സ്വച്ഛ് ഭാരത് പദ്ധതി സംസ്ഥാനത്ത് കാര്യമായിത്തന്നെ നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശം. ഷാജഹാന്‍പൂരില്‍ ജനങ്ങള്‍ മുറുക്കിത്തുപ്പുന്നത് തടയാന്‍ സര്‍ക്കാര്‍ ഓഫീസുകളുടെ വിവിധ ഭാഗങ്ങളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രവും പതിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.