യോഗി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഉത്തര്‍പ്രദേശില്‍ 1400 ലധികം ഏറ്റുമുട്ടലുകള്‍ക്ക് ഉത്തരവിട്ടിരുന്നു. കൊടും കുറ്റവാളികളെ ഉന്മൂലനം ചെയ്യാന്‍ എന്ന പേരില്‍ നടന്ന പോലീസ് ഏറ്റുമുട്ടലുകളില്‍ നൂറുകണക്കിന് ദളിത്, മുസ്ലീം വിഭാഗക്കാരും കൊല്ലപ്പെട്ടെന്നാണ് ആരോപണം.

ഉത്തര്‍പ്രദേശ്: വ്യാജഏറ്റുമുട്ടല്‍ ആരോപണങ്ങള്‍ക്കിടയിലും മുന്‍സര്‍ക്കാരിന്റെ കാലത്തെ വര്‍ഗീയകലാപങ്ങളുടെ കണക്കെടുക്കാന്‍ യോഗി സര്‍ക്കാര്‍ തീരുമാനിച്ചു. ഒരാഴ്ചയ്ക്കകം കലാപങ്ങളുടെയും കൂട്ടപ്പലായനങ്ങളുടെയും കണക്കെടുക്കാനാണ് ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് എന്‍കൗണ്ടര്‍ രാജ് നടത്തുന്ന യോഗി പഴയ സര്‍ക്കാരിനെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഇതിനിടെ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗിനെതിരെ പീഡനപരാതിയുമായെത്തിയ 
വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഉത്തര്‍പ്രദേശില്‍ 1400 ലധികം ഏറ്റുമുട്ടലുകള്‍ക്ക് ഉത്തരവിട്ടിരുന്നു. കൊടും കുറ്റവാളികളെ ഉന്മൂലനം ചെയ്യാന്‍ എന്ന പേരില്‍ നടന്ന പോലീസ് ഏറ്റുമുട്ടലുകളില്‍ നൂറുകണക്കിന് ദളിത്, മുസ്ലീം വിഭാഗക്കാരും കൊല്ലപ്പെട്ടെന്നാണ് ആരോപണം. സംസ്ഥാനത്ത് എന്‍കൗണ്ടര്‍ രാജാണെന്ന വിമര്‍ശനം വ്യാപകമാകുമ്പോഴാണ്, മുന്‍ സര്‍ക്കാരിന്റെ കാലത്തെ വര്‍ഗീയ സംഘര്‍ഷങ്ങളുടെയും കൂട്ട പലായനത്തിന്റെയും കണക്കെടുക്കാനുള്ള നിര്‍ദേശം.

ഡിജിപി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്. ഏറ്റുമുട്ടല്‍ വിവാദങ്ങള്‍ക്കിടെ, യോഗി ആദിത്യനാഥ് ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ കുറ്റകൃത്യങ്ങളുടെ കണക്കെടുക്കാനുള്ള ഉത്തരവ്. ഇതിനിടയില്‍ ഉത്തര്പ്രദേശ് ബിജെപി എംഎല്‍എ കുല്ദീപ് സിങ് സെങ്ങാര്‍ പീഡിപ്പിച്ചെന്നും എംഎല്‍എക്ക് എതിരെ പരാതി നല്‍കിയതിന് കുടുംബാഗങ്ങളെ മര്‍ദിച്ചെന്നും ആരോപിച്ച് വീട്ടമ്മ മുഖ്യമന്ത്രിയുടെ വസ്തിക്ക് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചു. പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. ആത്മഹത്യാ ശ്രമത്തിന് സ്ത്രീക്ക് എതിരെ പോലീസ് കേസ് ചുമത്തി.