ദില്ലി: നിരത്തിലെ അമിത വേഗത ചോദ്യം ചെയ്ത യുവവ്യാപാരിയെ നടുറോഡില്‍ വെടിവച്ച് കൊലപ്പെടുത്തി. വടക്കന്‍ ദില്ലിയിലാണ് സംഭവം. ദില്ലി സ്വദേശിയായ യുവവ്യാപാരിയായ വിനോദ് മെഹ്റയാണ് കൊല്ലപ്പെട്ടത്. അനന്തരവനൊപ്പം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം. ഒരു ഫ്ലൈ ഓവറില്‍ വച്ച് അമിത വേഗതയില്‍ വന്ന വാഹനം ഇവരുടെ കാറിനെ മറികടന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം നടന്നത്.
വാഹനത്തിന്റെ അമിത വേഗത ചൂണ്ടിക്കാണിച്ചതോടെ ഇരു വാഹനത്തിലുള്ളവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇതിനിടയില്‍ ഇവരുടെ വാഹനത്തെ മറികടന്നെത്തിയ വാനിലുണ്ടായിരുന്നവരില്‍ ഒരാള്‍ വിനോദ് മെഹ്റയെ വെടി വയ്ക്കുകയായിരുന്നു. അനന്തരവന്‍ മെഹ്റയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മെഹ്റ കൊല്ലപ്പെട്ടിരുന്നു.
