വിവാഹതട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ പിടിയിലായത് മാവേലിക്കര സ്വദേശി
കൊച്ചി: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട ബംഗ്ലാദേശി യുവതിയെ വിവാഹം ചെയ്ത് ആഭരണങ്ങളും പണവും സ്വന്തമാക്കിയ ശേഷം ഉപേക്ഷിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മാവേലിക്കര ചുനക്കര സ്വദേശി ലിപിന്‍ പൊന്നപ്പനെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
മുന്‍വിവാഹ കാര്യം മറച്ച് വെച്ച് ബംഗ്ലാദേശിലെത്തിയ പ്രതി, മതം മാറി യുവതിയെ വിവാഹം ചെയ്യുകയായിരുന്നു. അതിന് ശേഷം കേരളത്തിൽ എത്തിയ ഇരുവരും ഒരു വർഷത്തോളമായി എറണാകുളത്ത് താമസിച്ചു വരികയായിരുന്നു. നേരത്തെ വിവാഹിതയായിരുന്ന യുവതിയ്ക്ക് ആദ്യബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. യുവതിയുടെ പക്കലുള്ള ആഭരണങ്ങളും പണവും തട്ടിയെടുത്ത ഇയാള്‍ ഇവരെ ഫ്ലാറ്റിൽ ഉപേക്ഷിച്ച ശേഷം കടന്നു കളയുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ പൊലീസ് ലിപിനെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
